2015, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

D3’92 ഗെറ്റ്റ്റുഗതര്‍

അങ്ങെനെ അവര്‍ ഒന്നിച്ചു കൂടി, 23 വര്‍ഷങ്ങള്‍ക്കു ശേഷം; സെന്റ് സ്റ്റീഫന്‍സ് കോളജിലെ 1992 തേര്‍ഡ് ഇയര്‍ ഡിഗ്രി ബാച്ച്കാര്‍. തങ്ങളുടെ പഴേ ക്ലാസ്സ്‌മേറ്റ്സ് ഇപ്പോള്‍ ഇങ്ങനെ എന്ന് അറിയുവാന്‍ ഉള്ള ആകാംഷയും, കണ്ടപ്പോഴുള്ള അത്ഭുതവും ഒക്കെ കോര്‍ത്തിണക്കിയ ഒരു കൂടിച്ചേരല്‍ ആയിരുന്നു അത്. സെപ്റ്റംബര്‍ലെ കുളിര്‍മ ഉള്ള ആ പ്രഭാതത്തില്‍ അവര്‍ കോളേജ്ന്‍റെ കാമ്പസിലൂടെ നടന്നു, പിന്നെ ക്ലാസ് മുറികളുടെ കോറിഡോറിലൂടെ. തങ്ങള്‍ പഠിച്ച ക്ലാസ്സിലെ ബഞ്ചുകളില്‍ ഇരുന്നു നോക്കി; അവരവര്‍ ഇരുന്ന ബഞ്ചുകളും, തങ്ങളോടൊപ്പം ഇരുന്നവരെയും ഒക്കെ ഓര്‍മിക്കാന്‍ ശ്രമിച്ചു.

പുതുവലില്‍ നിന്നും മാലൂരേക്ക് ഉള്ള,  മണ്ണും മെറ്റലും നിറഞ്ഞ ഗ്രാമീണ പാതകള്‍ എല്ലാം തന്നെ നല്ല ടാര്‍ റോഡ്‌കള്‍ ആയിക്കഴിഞ്ഞു. പത്തു മണിക്ക് മുന്‍പ് തന്നെ പലരും കോളേജ് അങ്കണത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. തിരുവനന്തപുരത്തു നിന്ന് എത്തിയ രാജി, അനസ്, കൊച്ചിയില്‍ നിന്ന് സ്വയം ഡ്രൈവ് ചെയ്തു എത്തിയ ഷേര്‍ളി, ദുബായ് നിന്നും സൌദിയില്‍ നിന്നും വന്ന ബിനുവും, സുനുവും, ചെങ്ങന്നൂരില്‍ നിന്നും വന്ന രേഖ, മഹാരാഷ്ട്രയിലെ സതാരയില്‍ നിന്നും എത്തിയ സബിത, അങ്ങനെ പോകുന്നു വന്നു ചേര്‍ന്നവരുടെ ലിസ്റ്റ്. ക്ലാസ്സ്‌ മേറ്റ്സ് മൂവിയിലെ രംഗങ്ങള്‍ അനുസ്മരിപ്പിക്കും വിധം ലിസ്സ എത്തിയത് ബൂര്‍ഖ ധാരിയായി. പല തിരക്കുകളില്‍ നിന്നും ഓടിവന്ന ലേഖ, അജി, രഞ്ചു എന്നിവരും ദിവസത്തിലെ പല സമയങ്ങളിലായി തങ്ങളുടെ കൂട്ടുകാരുമായി സൌഹൃദം പങ്കു വച്ചു. ഹോം മേഡ് ഗോതമ്പ് പായസവും ആയാണ് ഹരി എത്തിയത്, മധുരത്തോടെ അവര്‍ തങ്ങളുടെ റീയുണിയനു തുടക്കം കുറിച്ചു. സമൂഹത്തിന്‍റെ വിവിധ തട്ടുകളില്‍ ഉള്ള ആള്‍ക്കാര്‍ ആയിരുന്നു അവര്‍ എന്നതിനാല്‍ ആ കൂട്ടായ്മയ്ക്ക്‌ തിളക്കം കൂടുതല്‍ ആയിരുന്നു, മധുരവും.  കോളേജ് കാമ്പസിലെ പടര്‍ന്നു പന്തലിച്ച മരം കണ്ടപ്പോള്‍ ബാബുവിനു സന്തോഷം പിടിച്ചു നിര്‍ത്തുവാന്‍ കഴിഞ്ഞില്ല; കൂട്ടുകാരോട് ഉടനെ തന്നെ വിളിച്ചു പറഞ്ഞു, നമ്മള്‍ അന്ന് നട്ട മരം; ഉടനെ തന്നെ മറുപടിയും വന്നു, വീട്ടുകാര് വയ്ക്കുന്ന ചെടികള്‍ പോലും പിഴുതു കളയുന്നവനാ; അവനാ മരം വയ്ക്കുന്നെ...ഈ ബാബു ജോര്‍ജ് ഒരു ഹൈസ്കൂള്‍ അധ്യാപകനാണ്, ആ കാമ്പസില്‍ അയ്യാള്‍ ഒരു കൊച്ചു കുട്ടിയായി മാറി, ഈ ഒരു അനുഭവം ആണ് ആ സൗഹൃദകൂട്ടായ്മ ഏവര്‍ക്കും പകര്‍ന്നു നല്‍കിയത്!  


തുടര്‍ന്ന് എല്ലാവരും കോളേജ്ന്‍റെ കോണിപ്പടിയില്‍ കൂടിഇരുന്നു; ഗ്രൂപ്പ്‌ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍. പിന്നീട് ക്ലാസ്സ്‌ മുറികളിലേക്ക്, ഗതകാല സ്മരണകളുടെ കുളിര്‍ ചെപ്പു പോലെ അതേ ബഞ്ച്കളും ഡസ്ക്കുകളും.  കോളേജില്‍ പഠിച്ചപ്പോള്‍ ക്ലാസ്സ്‌ റൂം കാണാത്തവര്‍പലരും ആ ബഞ്ചുകളില്‍ ഇരുന്നു. ക്ലാസ്സിലും കോറിഡോറിലും അവര്‍ ചിത്രശലഭങ്ങളെ പോലെ പറന്നു നടന്നു. ടെന്‍-സെന്റിമീറ്റര്‍ ഡിസ്റ്റന്‍സ് റൂള്‍ പടിപ്പിപ്പിച്ച മറിയാമ്മ ടീച്ചറും, പാഠഭാഗം പരീക്ഷയ്ക്ക് മുന്‍പ് തീരുമോ എന്ന് വേവലാതി പെടുന്ന ജെപി സാറും, സിസ്റ്റര്‍, അച്ചന്‍ എന്ന് വേണ്ടാ എല്ലാ ടീച്ചേര്‍സും ചര്‍ച്ചയില്‍ കടന്നു വന്നു. കണ്ടാല്‍ കടിച്ചു കീറാന്‍ ഒരുങ്ങിയിരുന്ന വിദ്യാര്‍ഥി പ്രധിനിധികള്‍ക്ക് പലര്‍ക്കും ഇന്ന് പാര്‍ടി ഇല്ല; ഉണ്ടങ്കില്‍ തന്നെ ചുവപ്പ് ഖദര്‍ആയും, ഖദര്‍ ചുവപ്പായും ഒക്കെ മാറിക്കഴിഞ്ഞിരിക്കുന്നു. പ്രീഡിഗ്രി ക്ലാസ്സ്‌കളില്‍ മാത്രം എത്തി നോക്കുവാനായി സംഘടിപ്പിച്ച ചില പാര്‍ട്ടികളുടെ ഓര്‍മകളും മനസിന്‍റെ അഭ്ര പാളികളില്‍ ഏത്തി. ക്ലാസ്സ്‌ റൂമിന്‍റെ ജനാലയിലൂടെ നോക്കിയാല്‍ നോക്കെത്താ ദൂരത്തോളം കാണാമായിരുന്ന തെങ്ങിന്‍ തോട്ടവും, കശുമാവിന്‍ കാടും ശോഷിച്ചു പോയിരിക്കുന്നു. എല്ലാ ദിവസവും കരിക്ക് മഫ്ഫിനും, കരിക്കിന്‍ വെള്ളം കോഫിയും ആക്കി ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചിരുന്ന കാലം... ഓര്‍മ്മകള്‍ അങ്ങനെ ഒരുപാട് ഒരുപാട് അകലത്തിലേക്ക് പോകുകയാണ്, എന്തിനു ബ്രേക്ക്‌ ഇടണം ഒരു ദിവസം മുഴുവന്‍ അങ്ങനെ പൊയ്ക്കോട്ടേ.

വെയിലിനു ശക്തി കൂടിയപ്പോള്‍ കോളേജില്‍ നിന്നും ഇറങ്ങി.  പിന്നെ ഉച്ചഭക്ഷണത്തിനായി ഹോട്ടലിലേക്ക്. തങ്ങളില്‍ നിന്നും അകന്നു, കാലയവനികയ്ക്ക് ഉള്ളിലേക്ക് പോയവരുടെ ഓര്‍മകള്‍ക്ക് മുന്‍പില്‍ ഒരുപിടി റോസാ ദളങ്ങള്‍ അര്‍പിച്ചതിനു ശേഷം, എല്ലാവരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കിട്ടു. കടന്നു വന്ന പരുക്കന്‍ പാതകളിലെ മുള്ളുകളും, പലപ്പോഴും തളര്‍ന്നു പോയേക്കാവുന്ന അനുഭവങ്ങള്‍ ജീവിതം സമ്മാനിച്ചതുമൊക്കെ അവിടെ ഷെയര്‍ ചെയ്യപ്പെട്ടു. ജീവിതത്തിലെ കടുത്ത പോരാട്ടത്തില്‍ പലരും പല മേഖലകളിലേക്ക് ചിതറിപ്പോയി, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കാലം പലരെയും പലരീതിയില്‍ തൂത്തെറിഞ്ഞു. സ്വപ്നം കണ്ട ജീവിതം അല്ല പലര്‍ക്കും കിട്ടിയത്, എന്നാല്‍ സ്വപ്നം കണ്ടതിനേക്കാള്‍ ഉന്നതിയില്‍ എത്തിയവര്‍. ഭര്‍ത്രു വീട്ടിലെ നിയമങ്ങള്‍ക്കു അനുസൃതമായി ജീവിതം കെട്ടപ്പെട്ടവര്‍. അങ്ങനെ നിരവധി അനുഭവങ്ങളിലുടെ കടന്നു പോയവര്‍. തുടക്കത്തില്‍, ബിസിനസ്‌, വിദേശ ജോലി മേഖലകള്‍ പയറ്റി കുഴഞ്ഞ ശേഷം ഓര്‍ഗാനിക് ഫാമിംഗിലേക്ക് ഇറങ്ങി ഹരി; നാട്ടിലും അന്തസായി ജീവിതം നയിക്കാമെന്ന മനകരുത്തുമായി. ഹോട്ടലുകാരുടെ മുന്നില്‍ പെടാതെ മുങ്ങി നടക്കുക എന്നതാണ് ജയരാജിന്‍റെ ഇപ്പോഴത്തെ ഡസിഗ്നേഷന്‍. നര്‍മം കലര്‍ത്തി പറഞ്ഞതാണ്; ആള്‍ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ ആയി ജോലി നോക്കുന്നു. ടെക്നോ പാര്‍കില്‍ സോഫ്റ്റ്‌വേര്‍ എഞ്ചിനീര്‍ ആണ് അനസ്. റോയി സര്‍വേസൂപ്രണ്ടും, പ്രിയ പഞ്ചായത്ത് മെമ്പറും. രാജീവ്‌ സ്വന്തമായി ഹോള്‍സെയില്‍ മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്നു. കാറ്ററിംഗ് രംഗത്ത് ലിജോയും, മാധ്യമ രംഗത്ത് ഗോപനും ഉണ്ട്.  പിന്നെ വില്ലേജ് ഓഫീസര്‍മാര്‍, NRI’s, സ്കൂള്‍ ടീച്ചേര്‍സ്. പിന്നെ പോലിസ്, പോസ്റല്‍, ലൈവ് സ്റ്റോക്ക്‌, താലൂക് ഡിപാര്‍ട്ട്‌മെന്‍റ് കളില്‍ ജോലി ചെയ്യുന്നവര്‍.

ജോലി സ്ഥലത്തു വച്ച് സംഭവിച്ച ഒരു തീവ്രവാദി ആക്രമണത്തിന്‍റെ ഇരയാണ് അനില്‍. അനിലിനു അഫ്ഗാനിസ്ഥാനില്‍ ആയിരുന്നു ജോലി, അമേരിക്കന്‍ മിലിട്ടറിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍. അടിമുടി ശാരീരികമായി ബാധിച്ച ആ ദുരന്തത്തില്‍ നിന്നും രക്ഷപെടുവാന്‍ ഒരുപാട് കാലങ്ങളും, ചികിത്സയും ആവശ്യമായി വന്നു. ഈ ദുരിത പൂര്‍ണമായ കാലങ്ങള്‍ക്ക് ഇടയിലും വീണ്ടും ജീവിതത്തോടു പോരിടുവാന്‍ പ്രത്യാശയുടെ കിരണങ്ങള്‍ നല്‍കിയത് താന്‍ ജോലി ചെയ്തിരുന്ന ആ അമേരിക്കന്‍ കമ്പനി തന്നെയാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഏല്ലാ ചികിത്സാ, ചികിത്സാന്തര ചിലവുകളും ആ കമ്പനി വഹിക്കുന്നു. കാലങ്ങളായി മുടങ്ങാതെ പ്രതിമാസ ശമ്പളവും. ലൈവ് സ്റ്റോക്ക്‌ ഡിപാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന അനിലിന്‍റെ ഉറ്റ സുഹൃത്ത്‌ രമേശ് കാര്യങ്ങള്‍ വിവരിച്ചു.

ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ചെന്നെ റീജിയന്‍ ഹെഡ് ആണ് ജയേഷ്. പല ഗെറ്റ്റ്റുഗതറുകളിലും പങ്കാളി ആകാറുള്ള ജയേഷ്നു ഈ ദിനം ഒരു പ്രത്യേക അനുഭവം ആണ് സമ്മാനിച്ചത്‌, കാരണം പലപ്പോഴുമുള്ള കൂടിക്കാഴ്ചകളിലെ ആളുകള്‍ ഒരേ സംസ്കാരത്തിനും ലെവലിലും പെട്ടവരാകും; എന്നാല്‍ പ്രിയ സുഹൃത്തുക്കളും ആയുള്ള ഒരു കൂടിച്ചേരല്‍ എന്നതില്‍ ഉപരിയായി പല സംസകാരങ്ങളുടെ കൂടിച്ചേരല്‍ കൂടി ഇവിടെ സംഭവിച്ചു എന്നതാണ് അദ്ദേഹത്തെ ആകര്‍ഷിച്ചത്.

പഠനാനന്തരം എക്ണോമിക്സിലെ സഹപാഠികളുമായി ഒരു ബന്ധവും ഇല്ലാതെ വിഷമാവസ്ഥയില്‍ ആയിരുന്ന ഷേര്‍ളിക്ക് അപ്രതീക്ഷിതമായാണ് പഴയ കുറെ കൂട്ടുകാരെ കിട്ടിയത്. അനില്‍, രമേശ്‌, പ്രിയ, റോയ്, സനല്‍, അഷിര്‍ എന്നിവര്‍ പഴയ സാമ്പത്തികശാസ്ത്ര സൗഹൃദം പുതുക്കി. രാജി തിരുവന്തപുറത്ത് വോഡാഫോണിന്‍റെ ഒരു ഫ്രാഞ്ചൈസി ചെയ്യുന്നു. എല്ലാവരെയും ഒരുമിപ്പിക്കാന്‍ ചുക്കാന്‍ പിടിച്ചതില്‍ ഒരു വലിയ റോള്‍ ആണ് രാജിയുടെത്. യേശുദാസ്, ലേഖ, അജികുമാര്‍, ബാബു എന്നിവര്‍ ആണ് അധ്യാപകവൃത്തിയില്‍. ജോണ്‍സന്‍, സനല്‍ എന്നിവര്‍ വില്ലജ് ഓഫീസര്‍മാരായും, ജയപ്രകാശ് LBS-ല്‍ അധ്യാപകനായും ജോലി നോക്കുന്നു; രാജേന്ദ്രന്‍ താലൂക് ഓഫീസിലും, ആശ പോസ്റല്‍ ഡിപ്പാര്‍ട്ട്മെന്‍റ്ലും, ഷേര്‍ലി പ്രൈവറ്റ് ബാങ്കിലും. മാതൃഭൂമിയുടെ പത്തനാപുരം എഡിറ്റര്‍ ആണ് ബോട്ടണിയിലെ ഗോപന്‍.
 
എല്ലാവരും പറഞ്ഞു വന്നപ്പോഴേക്കും ബോഫെ ലഞ്ച് എത്തി, പലതരം സൂപ്പും, അപ്പവും സ്ടുവും. പിന്നെ റൈസിലേക്കും, ഡസേര്‍ട്ടിലേക്കും കടന്നതിനോടൊപ്പം പലരും വര്‍ഷാന്തങ്ങളില്‍ നഷ്ടപ്പെട്ട ആ പഴയ സൗഹൃദം വീണ്ടും ഊട്ടി ഉറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഫോട്ടോ സെഷന്‍നോട് കൂടി പരസ്പരം പിരിയേണ്ട സമയം ആയപ്പോള്‍ മിക്കവരുടെയും കണ്‍കോണുകളില്‍ അശ്രുകണങ്ങളുടെ ലാഞ്ചന; ആ ദിവസം അവസാനിക്കാതെ ഇരുന്നെങ്കില്‍ എന്ന് അറിയാതെയെങ്കിലും ആശിക്കാത്തവര്‍ ചുരുക്കം. അരുണകിരണ കാന്തിയില്‍ പകലോന്‍ തന്‍റെ അന്നത്തെ പ്രയാണം അവസാനിപ്പിക്കുന്നു എന്നറിയിച്ചു അവരെ നോക്കി ചിരിച്ചു, പിരിയുന്ന നൊമ്പരത്തിലും, വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ.....                      

2015, ജൂൺ 4, വ്യാഴാഴ്‌ച

ഒരു വാട്സപ്പ് വീരഗാധ

ഒരു വെള്ളിയാഴ്ച ഊണും കഴിഞ്ഞു ഒന്ന് മയങ്ങാന്‍ കിടന്നപ്പോള്‍ ആണ് ജര്‍കിച്ചനു ആ ഐഡിയ തോന്നിയാത്. ഇതു മറന്നു പോകുന്നതിനു മുമ്പ് ഭാര്യ സാലിക്കുട്ടിയോടു ഒന്ന് പറഞ്ഞാലോന്ന് വെറുതെ ഒന്ന് ആലോചിച്ചു. പെട്ടന്നു ജര്‍ക്കിച്ചെന്‍ ഒന്ന് ഞെട്ടി, വേണ്ട അവളും ആ പേര്‍ടെക്കില്‍ പഠിച്ചതാണ്, പണി പാളും. ആ.. പറഞ്ഞു വന്നത് പണ്ട് എസ്.എസ്.എല്‍.സി പാസായി നിന്ന കാലത്താണ് ടൈപ്പിംഗ് പഠിക്കാന്‍ പൂതി തോന്നിയത്. അങ്ങനെയാണ് പേരക്ക ഇന്ടസ്ട്രീസ് എന്ന പേര്‍ടെക്കില്‍ ചേര്‍ന്നത്‌. അതുകൊണ്ട് ഉണ്ടായ ഒരേ ഒരു ഗുണം എന്താണെന്ന് ചോദിച്ചാല്‍ തന്നെക്കാള്‍ മുമ്പ് പേര്‍ടെക്കില്‍ ചേര്‍ന്ന് പഠിച്ച സാലിക്കുട്ടിയെ ജീവിത സഖിയാക്കാന്‍ പറ്റി എന്നതാണ്. അത് ഗുണമാണോ എന്ന് ചോദിച്ചാല്‍ ജര്‍ക്കിച്ചാനു രണ്ടു വട്ടം ആലോചിക്കണം. അത് എന്തോ എങ്കിലും ആകട്ട്, നമുക്ക് ജര്‍ക്കിച്ചന്‍റെ ഐഡിയായിലേക്ക് കടക്കാം. പണ്ട് പേര്‍ടെക്കില്‍ പഠിച്ചവരെ എല്ലാം കൂട്ടി ഒരു വാട്സപ്പ് ഗ്രൂപ്പ്‌ തുടങ്ങിയാലോ? ജര്‍കിച്ചന്‍റെ മനസ്സില്‍ ആശയങ്ങള്‍ മിന്നിമറഞ്ഞു. ഉടനെ ഫോണ്‍ എടുത്തു ഉറ്റ നണ്‍പന്‍ രമേശിനെ വിളിച്ചു. പ്രാവിന്‍ കൂട് എന്ന നാലും കൂടുന്ന മുക്കില്‍ പ്രാവിന്‍റെ ബിസിനസ്‌ നടത്തിക്കൊണ്ടിരുന്ന രമേശിനു ഇതില്‍ വലിയ താല്പര്യം ഒന്നും തോന്നിയില്ല. മാത്രമല്ല ഈ ആപ്പുന്ന നേരം മണിമലയാറ്റില്‍ നാല് മുങ്ങാം കുഴിയിട്ടാല്‍ ദേഹം എങ്കിലും ഒന്ന് തണുത്തു കിട്ടും. എങ്കിലും ജര്‍കിച്ചന്‍റെ തുടര്‍ പ്രേരണയില്‍ രമേശിനു അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല. ഉടനെതന്നെ ചെറിയൊരു സമ്മതമങ്ങ് മൂളിക്കൊടുത്തു. അപ്പോള്‍ തന്നെ കൂട്ടുകക്ഷി സോമനെ വിളിച്ചു കടയുടെ ചാര്‍ജ് ഏല്‍പ്പിച്ചിട്ട് തിരുവല്ലയിലേക്ക് വിട്ടു; ഒരു ടച്ച്‌ ഫോണ്‍ വാങ്ങണം; ഇപ്പോള്‍ ഇരിക്കുന്നതില്‍ സോഫ്റ്റ്‌വെയര്‍ പോയിട്ട് കാലം കുറെയായി; പിന്നെ ഉള്ളതിലോ, സം-വാട്ട്‌-റോങ്ങ്‌ ആപ്ലിക്കേഷന്‍സ് മാത്രം.

നമ്മുടെ രമേശിനെപ്പറ്റി പറഞ്ഞാല്‍ ഒരുപാടു പറയണം. ഇപ്പോള്‍ സമയം ഇല്ലാത്തത് കൊണ്ട് വളരെ കുറച്ചും പിന്നീട് സമയം പോലെയും പറയാം. പേര്‍ടെക്കിലെ പഠനത്തിനു ശേഷം അവിടം വിടാന്‍ കക്ഷി ഒരു താല്‍പര്യവും പ്രകടിപ്പിച്ചില്ല. വളരെ എളിമയോടെ ആ പ്രദേശത്തൊക്കെ ചുറ്റിപ്പറ്റി നില്‍ക്കാന്‍ തുടങ്ങി നമ്മുടെ താല്‍പര കക്ഷി. ഇങ്ങനെ ശല്യം മൂത്തപ്പോള്‍ സെന്‍റെര്‍ ഹെഡ് സാബു പുള്ളിയെ കഴുത്തിനു പിടിച്ചു പുറത്താക്കി. എന്നിട്ടും അവിടുത്തെ തരുണീമണികളെ വിട്ടുപോകാന്‍ ആളുടെ മനസ് അനുവദിച്ചില്ല. പിന്നെ പുറത്തായി റോന്തു ചുറ്റല്‍. ശല്യം സഹിക്കാതെ വന്ന സെന്‍റെര്‍ ഹെഡ് തല പുകഞ്ഞു ആലോചിച്ചു; ഒന്നും കിട്ടുന്നില്ല, വീണ്ടും ആലോചിച്ചു, സഹവിദ്വാന്‍ ഷോണിനെ കൂടി കൂട്ടി ഒരുമിച്ചു ആലോചിച്ചു. അങ്ങനെ പല ദിവസത്തെ ആലോചനകള്‍ക്ക് ശേഷം രണ്ടു പേരുടെയും മനസ്സില്‍ ആശയം ഉദിച്ചതു ഒരേ സമയം. ശല്യക്കാരനായ പിസിയോടു മാണി കാണിച്ച സമീപനം, ഓര്‍ അടവുനയം; ഈ കഷിയെ പിടിച്ചു തങ്ങളോടൊപ്പം ഒരു സഹവിദ്വാന്‍ ആക്കിയാലോ? എങ്കില്‍ ഒരേ സമയം ശല്യവും കുറയും ശമ്പളവും കൊടുക്കേണ്ടി വരില്ല. ഒരു വെടിക്ക് രണ്ടു പക്ഷി. ഇങ്ങനെ നമ്മുടെ കക്ഷി പേര്‍ടെക്കിലെ ഫാക്കല്‍റ്റിയായി കുറേക്കാലം വിലസി. ആളിന്‍റെ ബാക്കി വിശേഷം പുറകാലെ...... പ്ലിംഗ്, രമേശിന്‍റെ ഫോണിലെ ആപ് ആക്ടിവേറ്റ് ചെയ്തതും ജര്‍കിച്ചന്‍റെ മെസ്സേജ് വന്നതും ഒരേ സമയം. അങ്ങിനെ ജര്‍കിച്ചന്‍റെ പ്രേരണയാല്‍ നമ്മുടെ രമേശ്മാഷ് ആപ്പിന്‍റെ ഗ്രൂപ്പ്‌ മാനേജര്‍ പോസ്റ്റ്‌ ഏറ്റെടുത്തു. ജര്‍കിച്ചന്‍ പി.ആര്‍.ഓ യുമായി. അങ്ങിനെ അവര്‍ ആപ്പിംഗ് ആരംഭിച്ചു; ആരില്‍ തുടങ്ങണമെന്നും, ആരെയൊക്കെ ആപ്പിലാക്കനമെന്നും തല പുകഞ്ഞു ഒപ്പം ആലോചനയും തുടങ്ങി.

ഇങ്ങനെ ഇരിക്കവെയാണ് അബുദാബിയില്‍ നിന്നും ലീവ്നു വന്ന ബിഞ്ചുവിനെ തിരുവല്ല ടൌണില്‍ വച്ച് രമേശ് മീറ്റ്‌ ചെയ്യുന്നത്. പണ്ട് സീ-പ്ലസ്‌ പറഞ്ഞു കൊടുത്ത ഒരു പരിചയം. ഭര്‍ത്താവ് സണ്ണിചേട്ടനും രണ്ടു പ്ലസ്‌ മാരും കൂടയുണ്ട്. പിന്നെ ഒന്നും ആലോചിച്ചില്ല അണ്ണന്‍ ഒരു പ്ലസ്‌ മുന്‍പെറിഞ്ഞു അബുദാബിയിലെ നമ്പര്‍ കരസ്ഥമാക്കി. അങ്ങെനെ ബിഞ്ചുവും അവരുടെ ആപ്അംഗം ആയി ജോയിന്‍ ചെയ്തു. അങ്ങിനെ പല പല അവസരങ്ങളില്‍ ജെറിനും, വരുണും, സനിലും, സനോജും, മനുവും, ഷോജിയും, സുദീപും, സീജോയും, ലിന്നിയും, സാബു-ഷോണ്‍ സാര്‍ അവര്‍കളും എല്ലാം നമ്മുടെ ആപ്പില്‍ തരംഗങ്ങളായി. സനിലിന്‍റെ പാട്ടുകളോടെ തുടങ്ങുന്ന പല സായാഹ്നങ്ങളും അങ്ങിനെ ശബ്ദമുഖരിതങ്ങള്‍ ആയി.    

പേര്‍ടെക്കു വിട്ടശേഷം പിന്നെ ഒരു കൂട്ടും കൂടാതെ സണ്ണിചേട്ടനും പിള്ളാരുമായി ഒതുങ്ങി കൂടുമ്പോള്‍ ആണ് ബിഞ്ചു ഈ ആപ്പില്‍ വന്നു പെടുന്നത്. വീട്ടിലെ കാര്യം പറഞ്ഞാല്‍, സണ്ണിച്ചന്‍ അടുക്കളയിലെ പണി മുഴുവനും ചെയ്തിട്ടാണ് ഓഫീസില്‍ പോകുന്നത്. പിന്നെ അവിടെ പ്രത്യേകിച്ചു ഒരു പണിയും ഇല്ലങ്കില്‍ കൂടിയും ഒരു പൊങ്ങച്ചം ആവട്ടെ എന്ന് വച്ചാണ് ഹൌസ് മേയ്ഡിനെ വച്ചിരിക്കുന്നത്. പിള്ളാരുടെ കാര്യവും, മറ്റു ചില അലുകുലുത്ത് പരിപാടികളും മാത്രമേ ഒള്ളു മേയ്ഡിന്. ബിഞ്ചുവിനു ജോലിയുണ്ടോ എന്ന് എടുത്തു ചോദിച്ചാല്‍, ഉണ്ട്; എല്ലാം മാസവും മുടങ്ങാതെ ശമ്പളം വാങ്ങുന്നുണ്ട്. യുട്യൂബ് അഡ്മിനിസ്ട്രെറ്റര്‍ ആയിട്ടായിരുന്നു ആദ്യം ജോലി. പിന്നെ നമ്മുടെ ആപ്പില്‍ ചേര്‍ന്ന ശേഷം വൈഫൈ ഓഫീസര്‍ ആയി. അതോടു കൂടി വൈഫൈയുടെ കാര്യവും “ഠോ” കട്ടപ്പുക.

പേര്‍ടെക്കിന് ശേഷം ഒരുവിധം ഡീസന്റായി കഴിയുന്നത്‌ ജെറിന്‍ മാത്രമാണ്. ഒരു ജോലിക്കും ട്രൈ ചെയ്യാന്‍ പോയില്ല. കാരണം കോഴ്സ് കഴിഞ്ഞു പേര്‍ടെക്കില്‍ നിന്നും തന്ന തുണ്ട്കടലാസ് കൊണ്ട് ഒന്നും നടക്കില്ല എന്ന തിരിച്ചറിവ് ജെറിന് ഉണ്ടായിരുന്നു. അത് കൊണ്ട് മാന്യമായി തിരുമണവും പാര്‍ത്ത് ഒരു കൊച്ചിന്‍റെ അമ്മയെന്ന തസ്തികയില്‍ ജോയിന്‍ ചെയ്തു. എങ്കിലും ഒരു തൊഴിലെങ്കിലും പഠിക്കണം എന്ന അടക്കാനാവാത്ത ആഗ്രഹം ജെറിനെ കൊണ്ടെത്തിച്ചത് ഒരു സിംഹത്തിന്‍റെ അടുത്താണ് ഉസ്മാന്‍ വല്ലഭായി ഷഹന്‍ഷാ പട്ടേല്‍. നാട്യ അഹങ്കാര നടനകലയുടെ തുഞ്ചത്തെഴുത്തച്ച്ചന്‍. അവിടെ നിന്നും തൊഴുത്തില്‍ കുത്തും, ഡാകിനിയാട്ടവും പഠിച്ചു. കിട്ടുന്ന അവസരങ്ങള്‍ ഒന്നും ജെറിന്‍ പാഴാക്കിയില്ല; സമയം കിട്ടുമ്പോള്‍ ഒക്കെ കൊയ്ത്തിനു ശേഷം തരിശായി കിടക്കുന്ന പാടശേഖരങ്ങളിലേക്ക് ഇറങ്ങും, ചേറില്‍ മുങ്ങിയും കിടന്നുരുണ്ടും കഠിന പ്രയക്നം നടത്തി പരിശീലിച്ചു; അങ്ങിനെ നീന്തല്‍ എന്ന ശൈശവ കലയും അഭ്യസ്തമാക്കി. ഇപ്പോള്‍ മുട്ടുകാലില്‍ കേറാന്‍ ഉള്ള പരിശ്രമത്തില്‍ ആണ്. അത് കഴിഞ്ഞു വേണം ഒന്ന് സ്വന്തം കാലില്‍ നില്‍ക്കാന്‍.

അടുത്തത് സുദീപ്; പേര്‍ടെക്കിലെ പഠനവും കഴിഞ്ഞിട്ട് കുറേക്കാലം പേര്‍ടെക്കിന് ചുറ്റും ആശാന്‍ കറങ്ങി നടന്നു. ചന്ദ്രനങ്കില്‍ ഭൂമിആന്റിയെ പ്രദക്ഷിണം വയ്ക്കും പോലെ! അത് പൂട്ടികെട്ടിയപ്പോള്‍ ആ കലാപരിപാടിയും നിന്നു. അങ്ങിനെയിരിക്കെ ആണ് ഏജ് ലിമിറ്റ് ഇല്ലാതെ പിന്നെയും കറങ്ങാന്‍ പറ്റുന്ന മറ്റൊരു കലാപരിപാടിയെ പറ്റി ആളു കേള്‍ക്കുന്നത്. നിയമത്തിന്‍റെ ഓരോരോ വഴികളെ! പിന്നെ ഷോജി; ആളിനും പ്രത്യേക പരിപാടികള്‍ ഒന്നും തന്നെ ഇല്ല. പൊതുഇലക്ട്രിക്കല്‍ സ്ഥാപനത്തില്‍ സേവനം എന്നോക്കെയാണ് വയ്പ്പ്. പക്ഷെ സ്ഥിരം പരിപാടി എന്താണെന്ന് ചോദിച്ചാല്‍ ക്യാമ്പ്‌ എന്ന് പറഞ്ഞു ആരുടെയെങ്കിലും ഒക്കെ കൂടെ പോകും; പിന്നെ മൂന്നു നാല് ദിവസം കഴിഞ്ഞാണ് തിരികെ വീട്ടിലേക്ക്‌ വരവ്, മോഡിജി ഇന്ത്യ സന്ദര്‍ശിക്കാന്‍ വരുന്നപോലെ. ഈ കിട്ടുന്ന അവസരങ്ങളില്‍ ഒന്ന് പോലും പാഴാക്കാതെ ആപ്പില്‍ കയറും; അതും ആരുമില്ലാത്ത സമയത്ത്; ലജ്ജയില്ലാതെ ഒളിച്ചും പാത്തും!

ഇവരെയൊക്കെ നിരീക്ഷിച്ചു കൊണ്ട് നമ്മുടെ ഷോണ്‍ സാറ് കുറെ ദിവസമൊക്കെ ആപ്പില്‍ ചുറ്റിപ്പറ്റി നടന്നു. എന്നാല്‍ പിള്ളാര്‍ക്കൊക്കെ പഴേപോലെ ഒരു ബഹുമാനം ഇല്ലാന്ന് സാറ് പെട്ടന്നു തിരിച്ചറിഞ്ഞു. സ്വതവേ അല്‍പ സ്വല്‍പ്പ കുടവയറും കഷണ്ടിയും ഒക്കെയുള്ള തന്നെക്കേറി “കുടവയറാ, കഷണ്ടിതലയാ” എന്നൊക്കെ പിള്ളാര്‍ പരസ്യമായി വിളിക്കാന്‍ തുടങ്ങിയപ്പോള്‍ സാറിന്‍റെ അഭിമാന്‍ കടല്‍ കടന്നു. ഇങ്ങനെയോക്കെ ഒരു സാറിനെ വിളിക്കാമോ? അങ്ങനെയൊക്കെ ചെയ്യാമോ? എന്നാല്‍ പിന്നെ ഉള്ള കുടവയര്‍ കളയാതെ ഇവിടെ നിന്നും തടി തപ്പാം എന്ന് സാര്‍ ആയിടയ്ക്ക് വിചാരിക്കുകയും കുപ്പിയില്‍ പിടിച്ചിട്ട പരല്‍ മീന്‍ അവസരം കിട്ടിയപ്പോള്‍ പുറത്തേക്ക് ചാടിയപോലെ ഒരു ചാട്ടം ചാടുകയും ചെയ്തു.

ഇങ്ങനെ ഇരിക്കവേ ഒരു ദിവസം ആപ്പിഗ്, പൌഡര്‍ പൌഡേഡ് ആയി നടക്കുമ്പോള്‍ ആണ് ബിഞ്ചുവും താന്‍ താമസിക്കുന്ന അതേ പരിസര പ്രദേത്താണ് താമസിക്കുന്നതെന്ന് നമ്മുടെ ആപ്പ് അംഗം വരുണ്‍ ചേട്ടന് മനസിലാക്കിയത്. പിന്നെ ഒന്നും ആലോചിച്ചില്ല തങ്ങള്‍ അങ്ങോട്ട്‌ വരുന്നുണ്ടന്നു ചേട്ടന്‍ ബിഞ്ചുവിനെ വിളിച്ചറിയിച്ചു. വാട്ട്സില്‍ ചാറ്റിയാല്‍ ഇങ്ങനെ ഒരു ആപ്പ് വരുമെന്ന് ബിഞ്ചു സ്വപ്നത്തില്‍ പോലും കരുതിക്കാണില്ല. തങ്ങള്‍ ഇന്നു വീട്ടില്‍ ഉണ്ടാവില്ല എന്നും, പുറത്തു പോകുവാണെന്നും ഒക്കെ ഒഴികഴിവ് പറഞ്ഞുനോക്കി. എവിടെ! എന്നാല്‍ എല്ലാദിവസവും ഇതൊരു പതിവായപ്പോള്‍ ഗത്യംതരമില്ലാതെ ഒരു ദിവസം വരുണിനോട് വരാന്‍ പറഞ്ഞു. ഒരു നാരങ്ങാ വെള്ളം കൊടുത്തു ഒഴിവാക്കാം എന്ന് വിചാരിക്കുകയും ചെയ്തു. വൈകിട്ട് കോളിഗ് ബെല്‍ കേട്ട് ബിഞ്ചു ചെന്ന് കതകു തുറന്നു. വരുണിനെ മാത്രം പ്രതീക്ഷിച്ച ബിഞ്ചു ഞെട്ടിപ്പോയി. മാരാമണ്‍ കണവന്‍ഷനു പന്തലിലേക്ക് ആള്‍ക്കാര്‍ വരുന്നപോലെ. വരുണ്‍, ഭാര്യ, രണ്ടു മൂന്നു കുളന്തകള്‍, ഹൌസ്മെയ്ഡ്, കാര്‍ ഡ്രൈവര്‍. വിരണ്ടു പോയ ബിഞ്ചു വീണ്ടും എത്തി നോക്കി; ജാഥ കഴിഞ്ഞോ എന്നറിയാന്‍. “വേറെ ആരേം കൊണ്ടുവന്നില്ലേ” ബിഞ്ചു വരുണിനോട് കുശലം ചോദിച്ചു. “ഇല്ല അടുത്താഴ്ച വരുമ്പോള്‍ അടുത്ത ഫ്ലാറ്റിലെ കൂട്ടുകാരനേം ഫാമിലിയേം കൂടി കൊണ്ട് വരാം”
വരുണും കൂട്ടരും ഉള്ളിലേക്ക് കടന്നു, കിട്ടിയ സോഫകള്‍ ഒക്കെ കൈവശമാക്കി. ഒന്ന് ഞെട്ടിയ ബിഞ്ചു കട്ടിളപ്പടിയിലേക്ക് മുറുകെ പിടിച്ചു; മറിഞ്ഞു വീഴാതിരിക്കാന്‍. ഈ സമയം കിച്ചണില്‍ നിന്നും അവിടേക്ക് വന്ന സണ്ണിചേട്ടന്‍ കാര്യത്തിന്റെ ഗൌരവം മനസിലാക്കുകയും ബിഞ്ചുവിനെ താങ്ങി അവിടെ ബാക്കി വന്ന ഒരു സോഫയിലേക്ക് ചാരിക്കിടത്തുകയും ചെയ്തു. “നിങ്ങള്‍ ഇരുന്നു സംസാരിക്കു, ഞാന്‍ ചായ കൊണ്ട് വരാം” സണ്ണിചേട്ടന്‍ പതിവുപോലെ അടുക്കളയിലേക്കു പോകാന്‍ ഭാവിച്ചു. “ചായ മാത്രമാക്കണ്ട ഞങ്ങള്‍ ഊണ് കൂടി കഴിച്ചിട്ടേ പോകൂ” വരുണിന്റെ വാക്കുകള്‍ ഒരു മിന്നല്‍ പിണര്‍ പോലെ ബിഞ്ചുവിനെറെ കര്‍ണങ്ങളില്‍ വന്നു പതിച്ചു. അവസരത്തിനൊത്ത് ഉയര്‍ന്ന ബിഞ്ചു ഉടനെ തന്നെ പ്രതികരിച്ചു “ഞങ്ങള്‍ ഇന്ന് ഫാസ്റ്റിംഗ് ആയിരുന്നു, അത് കൊണ്ട് ഒന്നും ഉണ്ടാക്കിയില്ല.” “ഓകെ, എന്നാല്‍ ചായ കൊണ്ടുവരാം” അവരെ കൂടുതല്‍ ഡിസ്അപ്പോയിന്റ് ചെയ്യിക്കാതെ സണ്ണിചേട്ടന്‍ കിച്ചണിലേക്ക് പോകാന്‍ തയ്യാറായി. “ചേട്ടന്‍ ഇവിടെ ഇരുന്നോ, ഞാന്‍ ചായ എടുക്കാം” പതിവില്ലാത്ത ഈ സഹായ ഹസ്തം കേട്ട സണ്ണിചേട്ടന്‍ പന്തം കണ്ട പെരുംചാഴിയെപ്പോലെ പകച്ചു നിന്നു. വരുണ്‍ ചേട്ടന് ഒരു പണി കൊടുക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു ബിഞ്ചുവിന്‍റെ മനസ്സില്‍. ഇനി മേലാല്‍ പുള്ളി ഈ വഴിക്ക് തിരിയാത്ത വിധം ഒരു പണി. അങ്ങെനെ ബിഞ്ചുവിന്‍റെ സ്പെഷ്യല്‍ “പൊടി” ചായയും മോന്തി വരുണും പരിവാരങ്ങളും യാത്രയായി, അടുത്താഴ്ച കൂട്ടുകാരനെയും കുടുംബത്തെയും കൂട്ടി വരാമെന്ന ഉറപ്പില്‍. എന്തായാലും പിന്നെ കുറെ ദിവസത്തേക്ക് വരുണിന്റെ വീട്ടിലെ റസ്റ്റ്‌റൂം ഹൌസ്ഫുള്‍ ആയിരുന്നു! ഓഫീസിലെയും!
 
ഇതിനിടയില്‍ ആണ് ജെറിന്‍റെ മോഹനകലകളുടെ വിഷയവുമായി ബന്ധപ്പെട്ടു ജെറിനും, രമേശും ഒരു ആപ് പോര് ആരംഭിക്കുന്നത്. തൊഴുത്തില്‍ കുത്ത് പോലെയുള്ള മോഹന കലകള്‍ വലിയ വിഷയം ഒന്നും അല്ലെന്നും, മറിച്ചു, തനിക്ക് അവ വെറും ഗ്രാസ് ആണെന്നും, ഒന്ന് പ്രാക്ടീസ് ചെയ്‌താല്‍ ആര്‍ക്കും ചെയ്യാവുന്ന കാര്യമേ ഉള്ളു എന്നും രമേശ് വാദിച്ചു. താന്‍ ഒരു ഡ്രൈ ജിഞ്ചരും ചെയ്യില്ല എന്ന് ജെറിനും വെല്ലു വിളിച്ചു. മനുവും ജെര്‍കിചെനും അവരുടെ പോരിനു വേണ്ടുവോളം ചില്ലിയും, ടാമറിന്റും ചേര്‍ത്ത് കൊടുത്തു.അങ്ങെനെ ആപ്പിംഗ് തുടങ്ങിയ ശേഷം പ്രാവിന്‍ കച്ചവടത്തില്‍ പൊതുവേ ശ്രദ്ധ നഷ്ടപ്പെട്ട രമേശിന്‍റെ മുഴുവന്‍ ശ്രദ്ധയും, തൊഴുത്തില്‍ കുത്തു പോലെയുള്ള ആട്ടക്കലകളിലായി. വീട് വിട്ടാല്‍ ഷോപ്പ്, ഷോപ്പ് വിട്ടാല്‍ മണിമലയാര് എന്ന രീതിയില്‍ കഴിഞ്ഞിരുന്ന മാഷ് ആട്ടക്കലകള്‍ അഭ്യസിക്കാന്‍ തുടങ്ങി. ഊണിലും ഉറക്കത്തിലും പല പല സ്റ്റെപ്പുകള്‍ മാറി മാറി ചവുട്ടി. ധീം തരികിട ധോം ധോം...
 
ഇങ്ങനെ ഇരിക്കവവേ ഒരു ദിവസം ആപ്പിക്കൊണ്ടിരുന്നപ്പോള്‍, ഫ്ലാറ്റുകളില്‍ വഴി തെറ്റി പോകുന്ന ഭര്‍ത്താക്കന്മാരേപ്പറ്റി ഒരു സംസാരം ഉണ്ടായി. തനിക്കു കിച്ചെണില്‍ പണിയെടുക്കാന്‍ ഉള്ള താല്പര്യം എന്താണെന്ന് ജര്‍കിച്ചെന്‍ വിവരിച്ചു. അടുക്കളയിലെ കിളിവാതില്‍ കൂടി നോക്കിയാല്‍ അടുത്ത വീട്ടിലെ നാന്‍സി ചേച്ചി അവരുടെ കിച്ചെണില്‍ നില്‍ക്കുന്നത് കാണാം. പലപ്പോഴും മെനു പറഞ്ഞു കൊടുക്കുന്നതും, പലഹാരങ്ങള്‍ ഉണ്ടാക്കുന്നത്‌ കാണിക്കുന്നതും ഈ കിളിവാതിലില്‍ കൂടിയാണ്. നാന്‍സി ചേച്ചി പറഞ്ഞു കൊടുക്കുന്ന പ്രകാരമാണ് പുട്ട് എങ്ങനെ ഉപ്പുമാവ് ആക്കാമെന്നും, ദോശ എങ്ങിനെ ഇടലി ആക്കാമെന്നും ഒക്കെ ജര്‍ക്കിച്ചെന്‍ പഠിച്ചത്. ഇതൊന്നും അറിയാതെ പാവംസാലിക്കുട്ടി എല്ലാദിവസവും പലവിധ പലഹാരങ്ങള്‍ രുചിച്ചു ഹാപ്പിയായി ജീവിതം ആസ്വദിച്ചു. ജര്‍ക്കിച്ചെന്‍റെ ആത്മകഥ കേട്ട ബിഞ്ചുവിന്‍റെ നെഞ്ചില്‍ വളരെ പെട്ടന്ന് ഒരു ആളല്‍; ആള്‍ ഉടനെ തന്നെ ഞെട്ടിയെഴുന്നേറ്റു. മൊബൈല്‍ ബെഡ്ഡിലേക്ക് വലിച്ചെറിഞ്ഞിട്ട്‌ കിച്ചെണിലേക്ക് ഓടി. സണ്ണിച്ചെനും ഇതാണോ അവിടെ പരിപാടി? ചതിച്ചോ ദൈവമേ? സണ്ണിച്ചെന്‍റെ ഉദ്ദേശശുദ്ധിയില്‍ അന്ന് ആദ്യമായി ബിഞ്ചുവിനു സംശയം തോന്നി. കിച്ചണില്‍ ചെന്ന ബിഞ്ചു ജന്നാലയിലൂടെ പുറത്തേക്കു നോക്കി, ശരിയാണ് അടുത്ത വീടിന്‍റെ കിച്ചന്‍ അവിടെ നിന്നാല്‍ കാണാം. കോപത്തോടെ ബിഞ്ചു ജന്നാല വലിച്ചടച്ചു. വീട്ടില്‍ അപ്പോള്‍ ഉണ്ടായിരുന്ന മാസ്കിംഗ് ടേപ്പുകള്‍ എല്ലാം ഉപയോഗിച്ച് ആ വിന്‍ഡോ എന്നന്നേക്കുമായി അവിടെ ക്ലോസ് ചെയ്തു.    

ഇനി നമ്മുക്ക് ജര്‍കിച്ചനിലേക്ക് മടങ്ങി വരാം. ഓഫീസ് കഴിഞ്ഞു വീട്ടില്‍ വന്നാലും ലാപ്ടോപ്പിന്‍റെയും മൊബൈലിന്‍റെയും മുമ്പിലാണ് ജെര്‍കിച്ചന്‍. കണവന്‍ വളെരെ കഠിനാധ്വാനി ആണെന്ന് പലപ്പോഴും സാലിക്കുട്ടി പൊങ്ങച്ചം പറയാറുണ്ടായിരുന്നു. കുടുംബം പുലര്‍ത്താന്‍ എന്തും മാത്രം കഷ്ടപ്പെടുന്നു. എന്നാല്‍ ഇതു സ്ഥിരം സ്വഭാവം ആയപ്പോള്‍ സാലിക്കുട്ടിക്കു ചെറിയ ഒരു സംശയം; വീട്ടിലെ കാര്യങ്ങള്‍ ഒന്നും തന്നെ അടുത്തിടയായി നോക്കുന്നില്ല. കുറെ നാള്‍ മുന്‍പ് വരെ ഉപ്പുമാവും, പുട്ടും കടലയും ഒക്കെ വൃത്തിയായി ഉണ്ടാക്കിതന്നു കൊണ്ടിരുന്നതാണ്. പേപ്പര്‍ നോക്കാന്‍ ഒക്കെ ഇരിക്കുമ്പോള്‍ ഇടക്കിടയ്ക്ക് ചായയും, പ്രമീല പ്രസാദവും. കണവന് ജോലിക്കൂടുതല്‍ ആയിരിക്കുമെന്നു കരുതി സാലിക്കുട്ടി കുറെയൊക്കെ ക്ഷമിച്ചു. എന്നാല്‍ ഈയ്യിടയായി ആണ് സാലി അത് ശ്രദ്ധിച്ചത്. വീട്ടില്‍ ഒരു തമാശ പോലും പറയുകയോ, ചിരിക്കുകയോ ചെയ്യാത്ത ജര്‍കിച്ചന്‍ ലാപ്പിന്‍റെയും, മോബൈലിന്‍റെയും മുന്‍പില്‍ ഇരുന്നു ചിരിക്കുന്നു; തനിയെ സംസാരിക്കുന്നു. കുടുംബ പ്രാര്‍ഥനയുടെ സമയത്ത് പോലും പലപ്പോഴും പ്രസെന്റ്റ് വയ്ക്കാത്ത ജര്‍കിച്ചനെ സാലിക്കുട്ടി രഹസ്യമായി നിരീക്ഷിക്കാന്‍ തുടങ്ങി. അങ്ങിനെ ഒരു ദിവസം ജര്‍കിച്ചന്‍ ആപ്പിക്കൊണ്ടിരുന്നപ്പോള്‍ പുറകില്‍ക്കൂടി വന്ന സാലിക്കുട്ടി ജര്‍കിച്ചനെ കയ്യോടെ പൊക്കി. പേര്‍ടെക്കു ഗ്രൂപ്പിലെ തരുണീമണികളുമായി സോള്ളിക്കൊണ്ടിരിക്കുകയായിരുന്നു ആ സമയം താല്‍പരകക്ഷി. പിന്നെ രണ്ടു മൂന്നു ദിവസമായി ചെവിയുടെ ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ടു ജര്‍കിച്ചന്‍ ലീവ് ആയിരുന്നെന്നാണ് ആണ് പൊതുജന സംസാരം. ഈ സംഭവത്തോടുകൂടി ഓഫീസില്‍ മാത്രമാക്കി ജര്‍കിച്ചന്‍ ആപ്പിംഗ് ചുരുക്കി.

ആഴ്ചകളും മാസങ്ങളും ആര്‍ക്കും പിടി കൊടുക്കാതെ കടന്നു പോയ്കൊണ്ടേ ഇരുന്നു. പുതിയ സംഭവ വികാസങ്ങള്‍ക്ക്‌ സാക്ഷ്യം വഹിക്കാന്‍ പ്രേംകുമാര്‍ പുതിയ അംഗമായി ആപ്പില്‍ എത്തി. നമ്മുടെ രമേശിന്‍റെ മോഹനകല പഠനം ഒരു കരയ്ക്കും എത്തിയില്ല. അതുകൊണ്ട് ചേട്ടന്‍ പഠനം ഉപേക്ഷിച്ചു ഒരു കലാമണ്ഡലം തന്നെ ആരംഭിച്ചു; ഇപ്പോള്‍ മോഹനകലകളില്‍ പലരെയും അഭ്യാസിപ്പിച്ചുകൊണ്ടിരിക്കുന്നു. തന്‍റെ വെല്ലുവിളിയില്‍ തകര്‍ന്നടിഞ്ഞ സര്‍-നെ ഓര്‍ത്തു മനസ് തകര്‍ന്ന ജെറിന്‍ അല്‍പാശ്വാസം കണ്ടെത്താന്‍ അടുത്ത വീട്ടിലെ ചേച്ചിയുമായി ചേര്‍ന്ന് ഒരു പരദൂഷണം ക്ലബ്‌ ആരംഭിച്ചു. സണ്ണിചേട്ടന്‍ വീണ്ടും കിച്ചെന്‍ പണികള്‍ തുടര്‍ന്നാല്‍ കണവന്‍ കൈവിട്ടു പോകുമോ എന്ന ഭയം കാരണം ബിഞ്ചു അടുക്കള ഭരണം തിരികെ പിടിച്ചു. വരുണ്‍ പല തവണ മാറി മാറി ബിഞ്ചുവിനെയും കുടുംബത്തെയും തന്‍റെ വീട്ടിലേക്കു ക്ഷണിച്ചു. തന്‍റെ “പൊടി”കൈയ്ക്ക് പകരം ചോദിക്കാന്‍ ആണ് ഈ സ്നേഹം എന്ന് മനസിലാക്കിയ ബിഞ്ചു പല പല കാരണങ്ങള്‍ പറഞ്ഞു ഒഴിഞ്ഞുമാറി; എങ്കിലും നിരാശനാകാതെ തുടര്‍ന്നും വരുണ്‍ തന്‍റെ ഇന്‍വിറ്റേഷന്‍ തുടര്‍ന്ന് കൊണ്ടെ ഇരുന്നു. നമ്മുടെ സുദീപ്‌ ആകട്ടെ പഴയ പോലെ തന്നെ ഇടയ്ക്കിടയ്ക്ക് ആപ്പിലെ സന്ദര്‍ശകനായി തുടരുന്നു, തന്‍റെ വര തെളിയിക്കാനായി ഒരു സരിക നയ്യാരോ, മറ്റൊരു സജു രമേശോ ഒരിക്കല്‍, തന്നെയും തേടി വരുമെന്ന പ്രതീക്ഷ കൈവിടാതെ!

താന്‍ പെട്ടുപോയ കുപ്പിയെ പഴിച്ചു കൊണ്ടും, എപ്പോഴെങ്കിലും ചാടാന്‍ ഒരു അവസരം കിട്ടിയാല്‍ ചാടാനായും ഒരു മാനത്തുംകണ്ണി കണക്കെ, ലിന്നി അവസരം കാത്തിരിക്കുന്നു. ഷോജിയാവട്ടെ ആരുമില്ലാത്ത അവസരം നോക്കി ആപ്പില്‍ കയറാന്‍ അതിനു ചുറ്റും വലം വയ്പ്പുതുടരുന്നു. സാലിക്കുട്ടിയുടെ വിരട്ടലിനു ശേഷം നന്നായിപ്പോയ ജര്‍കിച്ചന്‍ ഓഫീസില്‍ ഓവര്‍ടൈം ചെയ്തു ആപ്പിലെ മെംബര്‍ഷിപ്‌ നിലനിര്‍ത്തി. മനു തന്‍റെ അടുത്ത തിരക്കഥയ്ക്കുള്ള വിഭവങ്ങളും തിരക്കി ആപ്പിലും പരിസരപ്രദേശങ്ങളിലും അലച്ചില്‍ തുടര്‍ന്നു. ഇവരെയെല്ലാം സസൂഷ്മം വീക്ഷിച്ചു, മൌനം വിദ്വാനു ഭൂഷണം എന്ന തത്വത്തില്‍ മുറുകെ പിടിച്ചു സനോജും, സാബു സാര്‍ അവര്‍കളും...... ഈ ആപ്പ് വീരഗാഥ ഇവിടെ പൂര്‍ണമാകുന്നില്ല, മറിച്ചു, കൂടുതല്‍ ശക്തിയോടെ കൂടുതല്‍ സംഭവവികാസങ്ങളോടെ വീണ്ടും തുടരുന്നു.


2015, മേയ് 9, ശനിയാഴ്‌ച

സാമൂഹിക ബന്ധങ്ങളും ഇടപെടലുകളും

Man is a social animal എന്നാണ് ചിന്തകന്മാര്‍ പറയുന്നത്; മനുഷ്യന്‍ ഒരു സാമൂഹിക ജീവി ആണെന്നര്‍ത്ഥം. അതില്‍ social എന്ന വാക്ക് മാറ്റിയാല്‍ മനുഷ്യന്‍ വെറും ആനിമല്‍, അതായത് മൃഗം ആയിപ്പോകും. സമൂഹം ആണ് ഒരു മനുഷ്യന്‍റെ സ്വഭാവത്തെ നിര്‍ണയിക്കുന്നതും പ്രതിഭലിപ്പിക്കുന്നതും. പ്രധാനമായും നാല് രീതിയില്‍ ഉള്ള സാമൂഹിക ഇടപെടലുകള്‍ ആണ് പൊതുവേ നമുക്ക് കാണാന്‍  സാധിക്കുന്നത്. ഒന്ന് വിന്‍-വിന്‍ അവസ്ഥ; അവിടെ ഇടപെടുന്നവരില്‍ രണ്ടുപേര്‍ക്കും ജയിച്ചു എന്നൊരു ഫീലിംഗ് ഉണ്ടാവുന്നു. രണ്ടു വിന്‍-ലൂസ്; ഇവിടെ ഉള്ളവരില്‍ ഒരാള്‍ക്ക്‌ ഇപ്പോഴും ജയിക്കണം, മറ്റുള്ളവര്‍ എല്ലാം തോല്‍ക്കുകയും വേണം.  അടുത്തത് ലൂസ്-വിന്‍; തോറ്റുകൊടുക്കുന്നതാണ് ആദ്യത്തെ ആള്‍ക്ക് പൊതുവേ ശീലം, മറ്റുള്ളവര്‍ എല്ലാം ജയിച്ചോട്ടെ എന്നും.  അവസാനം വരുന്നത് ലൂസ്-ലൂസ് അവസ്ഥ. ഞാന്‍ തോറ്റതാണ്, അതുകൊണ്ട് തുടര്‍ന്ന് വരുന്നവര്‍ എല്ലാം തോറ്റുതന്നെ ഇരിക്കണം, ഇതാണ് ഇവരുടെ ചിന്താഗതി.

ആദ്യത്തെ അവസ്ഥ വിന്‍-വിന്‍ പൊതുവേ ആരോഗ്യപരമാണ്.  ഒരു ഉദാഹരണം പറഞ്ഞാല്‍, എനിക്ക് ഒരു ബൈക്ക് ഉണ്ട് എന്നിരിക്കട്ടെ.  എന്നാല്‍ ഒരു പുതിയ ബൈക്ക് എന്നെ ആകൃഷ്ടനാക്കുകയും അത് വാങ്ങണം എന്ന് ഒരു ആഗ്രഹം ഉണ്ടാകുകയും ചെയ്തു.  എന്നാല്‍ രണ്ടും കൂടി കൂടി പരിപാലിക്കാന്‍ സാധിക്കയില്ല, അതുപോലെ പുതിയതിന് കയ്യില്‍ ഉള്ള പണം തികയുകയും ഇല്ല.  അങ്ങനെ വന്നപ്പോള്‍ പഴയ ബൈക്ക് വില്‍ക്കാന്‍ തീരുമാനമെടുത്തു. മാര്‍ക്കറ്റ്‌ വില അനുസരിച്ച് ഒരു ഇരുപത്തേഴായിരം രൂപ കിട്ടണം. എന്നാല്‍ പലരും ഇരുപത്തയ്യായിരത്തില്‍ താഴെ മാത്രമേ പറയുന്നുള്ളൂ. എന്നാല്‍ പിന്നെ ഒരു ഇരുപത്തയ്യായിരം രൂപ കിട്ടിയാല്‍ കൊടുക്കാം എന്ന് ഉറപ്പിച്ചു. അപ്പോഴാണ്‌ ഒരു സ്നേഹിതന്‍ വന്നു ഇരുപത്താറായിരം രൂപയ്ക്ക് ബൈക്ക് കൊടുക്കുമോ എന്ന് ചോദിക്കുന്നത്.  ഇവിടെ ആര്‍ക്കും നഷ്ടം ഇല്ലാതെ കച്ചവടം നടക്കുന്നു. തനിക്കു ഒരുവിധം നല്ല വില കിട്ടി, വാങ്ങിയാള്‍ക്കോ നല്ല ലാഭത്തിലും കിട്ടി, ഇതാണ് വിന്‍-വിന്‍ ഡീല്‍. വളരെ ആരോഗ്യപരം.

വിന്‍-ലൂസ് ഡീല്‍ ഒരു നല്ല സാമൂഹ്യ ബന്ധം അല്ല.  തനിക്കു എങ്ങിനെയും ജയിക്കണം; മറ്റുള്ളവര്‍ ഒക്കെയും എന്‍റെ മുന്‍പില്‍ ആരുമല്ല. താന്‍റെ പക്ഷം ശരിയല്ല എന്ന തിരിച്ചരിവ് ഉള്ള സാഹചര്യത്തില്‍ പോലും മറ്റുള്ളവരുടെ മുന്‍പില്‍ തോറ്റുകൊടുക്കാന്‍ ഇവര്‍ തയ്യാറാവില്ല. ഇങ്ങനെ ഉള്ള ചിന്താഗതിക്കാര്‍ സമൂഹത്തിനുതന്നെ ഭീഷണി ആണ്.  അങ്ങനെ ഉള്ളവരുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണ് നമുക്ക് ചെയ്യാവുന്ന ഏക പോംവഴി.

ലൂസ്-വിന്‍ അവസ്ഥയും ഒട്ടുംതന്നെ നല്ലതല്ല. തന്നെ ഒന്നിനും കൊള്ളില്ല; മറ്റുള്ളവര്‍ എല്ലാം എന്നെക്കാള്‍ കേമന്മാര്‍. അതുകൊണ്ട് എനിക്ക് ഈ സമൂഹത്തില്‍ ഒരു പങ്കും ചെയ്യാനില്ല എന്ന ബോധം അവരില്‍ രൂപപ്പെടുന്നു; പ്രതികരണ ശേഷി നഷ്ടപ്പെടുന്നു. തന്‍റെ കഴിവുകളെ തിരിച്ചറിയാതെ തന്നില്‍ തന്നെ ഒതുങ്ങിക്കൂടി അങ്ങനെ ഒരു കോമ്പ്ലെക്സ് മനസിന്‍റെ ഉടമകള്‍ ആയി അവര്‍ മാറുന്നു; സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടു അപരിചിതരെപ്പോലെ അവര്‍ പെരുമാറുന്നു. ഇതു വലിയ മാനസിക പ്രശ്നങ്ങള്‍ക്ക് വഴിവക്കുന്നു. ഒരു നല്ല കൌണ്‍സിലിങ്ങ് മൂലം ഇവരെ കുറെയൊക്കെ സമൂഹ്യധാരയിലേക്ക് തിരികെ കൊണ്ടുവരാം. 

പിന്നെ വരുന്നത് ലൂസ്-ലൂസ് അവസ്ഥ.  താന്‍ തോറ്റതാണ്, അതുകൊണ്ട് ആരെയും ജയിക്കാന്‍ ഞാന്‍ അനുവദിക്കില്ല. ചിലയിടങ്ങളില്‍ എങ്കിലും അമ്മായിയമ്മ-മരുമകള്‍ ബന്ധം ഈ അവസ്ഥക്ക് ഒരു ഉദാഹരണം ആണ്. എന്‍റെ അമ്മായി അമ്മ എന്നെ ഒരുപാട് പെടാപ്പാടു പെടുത്തിയിട്ടുണ്ട്; അതുകൊണ്ട് എന്‍റെ മരുമകളും സുഖമായി ജീവിക്കാന്‍ പാടില്ല. അവളെയും ഞാന്‍ കഷ്ടപ്പെടുത്തും. അതായത് ഞാന്‍ തോറ്റുപോയി അതുകൊണ്ട് ആരെയും ഞാന്‍ ജയിക്കാന്‍ അനുവദിപ്പിക്കില്ല എന്ന അവസ്ഥ. ഒരുതരം മുരുടന്‍ സ്വഭാവത്തിന്‍റെ ആവിര്‍ഭാവം ആണ് നമുക്കിവിടെ കാണാന്‍ സാധിക്കുന്നത്.

ഇനിയും പല ഉപ അവസ്ഥകള്‍ ഉണ്ട് എങ്കില്‍തന്നെയും ഈ നാല് അവസ്ഥകള്‍ തന്നെയാണ് സാമൂഹ്യ ബന്ധങ്ങളെ പ്രധാനമായും നിശ്ചയിക്കുന്നത്.

(ആശയം: ലേഖകന്‍ ശ്രീ. ജോയി തോമസുമായി നടത്തിയ ഒരു സംഭാഷണത്തില്‍ നിന്നും)

2014, ജൂൺ 27, വെള്ളിയാഴ്‌ച

ഷോപ്പിങ്ങ് കിഴിവ്


എവിടെ ഡിസ്കൌണ്ട് ഉണ്ടോ അവിടെ മലയാളിയും ഉണ്ട്. മലയാളി മാത്രം അല്ല, എല്ലാ നാട്ടുകാരും! പിന്നെ നമ്മുക്കുള്ള വിഷയം എഴുതുന്നതുകൊണ്ടാണ് മലയാളി എന്ന് എടുത്തു പറഞ്ഞത്. തങ്ങളുടെ വിറ്റുപോകാത്ത സ്റ്റോക്ക്‌ തീര്‍ക്കാന്‍ എല്ലാ കച്ചവടക്കാരും പ്രയോഗിക്കുന്ന ഒരു നയമാണ് discount-sale എന്ന അടവ്. കഴിഞ്ഞ ദിവസം വരെ വലിയ വിലയില്‍ വില്‍ക്കപ്പെട്ട ഒരു സാധനം, വിലകുറച്ചു കിഴിവില്‍ വില്‍ക്കുന്നു എന്ന് തോന്നിപ്പിച്ചാണ് വ്യാപാരികള്‍ ജനത്തെ ആഘര്‍ഷിക്കുന്നത്. വളരെ ചുരുക്കം സാധങ്ങള്‍ ഈ പറഞ്ഞ രീതിയില്‍ ഉണ്ടാവും; അതിനെ പരസ്യത്തിലൂടെ പല മടങ്ങ്‌ പ്രൊജക്റ്റ്‌ ചെയ്തു കാണിച്ചാണ് ഈ വില്‍പന. വിലകുറച്ചു എന്ന് തോന്നിപ്പിക്കുന്ന സാധനങ്ങളുടെ ക്വാളിറ്റി കുറഞ്ഞ ഗ്രേഡ് ആവും കൂടുതലും discount sale-ല്‍ ഡിസ്പ്ലെ ചെയ്തിട്ടുണ്ടാവുക. ഇവിടെ വളരെ ശ്രദ്ധയോടെ നീങ്ങിയില്ലങ്കില്‍, പിന്നെ സംഭവിക്കുന്നത്‌ പണനഷ്ടം, മാനഹാനി, ഇവയൊക്കെ ആയിരിക്കും എന്നുള്ളതിന് രണ്ടുപക്ഷം ഇല്ല.

തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ നിര്‍മാതാക്കളും വ്യാപാരികളും പ്രയോഗിക്കുന്ന അടവുനയങ്ങളില്‍ ഒന്നാണ് വാങ്ങുന്ന സാധനങ്ങളോടൊപ്പം നല്‍കുന്ന ഗിഫ്റ്റ്കള്‍. ഒരു ഐറ്റം വാങ്ങുമ്പോള്‍ വേറെ രണ്ടു ഐറ്റം സമ്മാനം. സ്വര്‍ണ നാണയം വരെ ഇങ്ങനെ സമ്മാനമായി ലഭിക്കാറുണ്ട്.  ഒരു ഏസി വാങ്ങിയപ്പോള്‍ വാച്ചും, ഇലക്ട്രിക്‌ ഇസ്തിരിപെട്ടിയും പിന്നെ, സ്വര്‍ണ നാണയവും സമ്മാനം. ഉള്ളത് പറയണമല്ലോ; വാച്ച് കുറെ മാസം ഓടും, ചുരുങ്ങിയ പ്രാവശ്യത്തെ ഉപയോഗത്തില്‍ ഇസ്തിരിപെട്ടി അകാല മൃത്യു പ്രാപിക്കും, പിന്നെ സ്വര്‍ണ നാണയം മാത്രമാണ് ഒരു ആശ്വാസം. ഒരു സാധാരണ പൊട്ടിനേക്കാള്‍ ചെറിയ വട്ടത്തില്‍ 0.01 ഗ്രാം പോലും വരാത്തതും ധര്‍മക്കാര്‍കൂടി  എടുക്കാത്തതുമായ ഒരു സാധനം; ധൈര്യമായി വീട്ടില്‍ സൂക്ഷിക്കാം. കള്ളന്മാര്‍ വല്ലതും ഇതു കണ്ടാല്‍ അപഹരിക്കാന്‍ മുതിരില്ല എന്ന് മാത്രമല്ല, തങ്ങളുടെ കയ്യില്‍ ഉള്ളത് കൂടി അവര്‍ അവിടെ കാണിക്ക ഇട്ടിട്ടു പോകും.

സ്റ്റേഷനറി, നിത്യോപയോഗ സാധനങ്ങള്‍ എന്നിവ discount sale-ല്‍ വയ്ക്കുന്നത് മിക്കവാറും എക്സ്പയറി ഡേറ്റിനോട് അടുക്കുമ്പോള്‍ ആവും. വാങ്ങുമ്പോള്‍ എക്സ്പയറി ഡേറ്റ് ശ്രദ്ധിച്ചു തന്നെ തിരഞ്ഞെടുക്കണം. അത്യാവശ്യം ചുരിങ്ങിയ കാലത്തെ ഉപയോഗത്തിന് ഇവ വാങ്ങുന്നതില്‍ പോരായ്‌കയില്ല.  50%, 70% എന്നിങ്ങനെ കിഴിവ് പലയിടത്തും പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ചില കടകളില്‍ കിഴിവിന് ശേഷം ഉള്ള വില ആയിരിക്കും ഇട്ടിരിക്കുന്നത് എന്നാല്‍ ചിലയിടത്ത് നേരെ മറിച്ചും. ഒരേ കടയില്‍ തന്നെ കിഴിവിന് മുന്‍പുള്ള വിലയും ചില സ്ഥലത്തു clerance sale എന്ന ബോര്‍ഡില്‍ കിഴിവ് കഴിഞ്ഞുള്ള വിലയും പ്രദര്‍ശിപ്പിക്കാറുണ്ട്. പ്രദര്‍ശിപ്പിച്ച വിലയില്‍ നിന്നാണ് കിഴിവ് എന്ന് പെട്ടന്നു തെറ്റിദ്ധരിക്കും. സെയില്‍സ്മാനോട് അക്കാര്യം വ്യക്തമായി ചോദിച്ചു മനസിലാക്കിയ ശേഷം മാത്രം വേണം purchase ചെയ്യാന്‍. സെയില്‍സ്മാന്‍ തന്ന ഇന്‍ഫര്‍മേഷന്‍, കൌണ്ടരില്‍ ബാധകമായിട്ടുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കുകയും വേണം. അതുപോലെ തന്നെ discount പ്രദര്‍ശിപ്പിച്ചിരിക്കുന്ന സ്ഥലത്തെ എല്ലാ സാധനങ്ങള്‍ക്കും കിഴിവ് ബാധകം ആവണമെന്നും ഇല്ല. ഒരേ സാധനം തന്നെ discount ഉള്ളതും ഇല്ലാത്തതും ഉണ്ടാവും, ലോട്ട് നമ്പരില്‍ ഉള്ള വ്യത്യാസത്തില്‍ ആണ് അവ ബില്‍ ചെയ്യപ്പെടുക. ചിലപ്പോള്‍ കൌണ്ടറില്‍ ചെല്ലുമ്പോള്‍ ആയിരിക്കും, (ശ്രദ്ധിക്കുന്നവര്‍ക്ക്) ഈ അപകടം മനസിലാവുന്നത്. കൂടുതല്‍ ശതമാനം ആള്‍ക്കാരും sales ഏരിയായില്‍ പ്രദര്‍ശിപ്പിച്ച കിഴിവ് കൌണ്ടറില്‍ കിട്ടുന്നുണ്ടോ എന്ന് ശ്രദ്ധിക്കാറു തന്നെയില്ല. ശ്രദ്ധിച്ചവരില്‍ തന്നെ നല്ലൊരു ശതമാനം ആള്‍ക്കാരും ചതി മനസിലാക്കിയാലും ആശിച്ചു വാങ്ങിയതല്ലേ ഇനി തിരികെ കൊടുക്കുന്നില്ല എന്നു തീരുമാനിക്കുകയും ചെയ്യും. അവിടെയാണ് കച്ചവടക്കാരന്‍റെ നേട്ടം.

പലപ്പോഴും discount sale എന്ന ബോര്‍ഡ് വച്ചശേഷം ഒരു dsicount-ഉം ഇല്ലാതെ കച്ചവടം നടത്തുന്നവരും ഉണ്ട്.  യഥാര്‍ത്ഥ വിലയെ മടങ്ങുകള്‍ വര്‍ദ്ധിപ്പിച്ച ശേഷം, ചെറിയ അളവ് അതില്‍ നിന്നും കുറച്ചാണ് അവര്‍ വിലയില്‍ ഈ കിഴിവ് കാണിക്കുന്നത്. ഇങ്ങനെ മൊത്തത്തില്‍ നോക്കുമ്പോള്‍ discount sale എന്ന പ്രതിഭാസത്തില്‍ ഉപഭോക്താവിനു ലഭിക്കുന്ന പ്രയോജനം രണ്ടു രീതിയില്‍ ആവും ഒന്ന്, ലഭിക്കുന്ന കിഴിഞ്ഞ സാധനങ്ങള്‍; രണ്ടു, സ്വന്തം പോക്കറ്റിനു ലഭിച്ച കിഴിവ് !

2014, ജൂൺ 20, വെള്ളിയാഴ്‌ച

സിലബസ്‌ റിവിഷന്‍ ആവശ്യമോ ?

നമ്മുടെ വിദ്യഭ്യാസ സിലബസ്‌ റിവൈസ് ചെയ്യേണ്ട കാലം അതിക്രമിച്ചു. മലയാളം, ചരിത്രം, ഇവ കൂടുതല്‍ പഠിക്കുന്നതിലെ അപ്രസക്തി. മറിച്ചു ശാസ്ത്ര വിഷയങ്ങള്‍, വിദേശ ഭാഷകള്‍, ജോലി പരിചയം ഇവ കൂടുതല്‍ ഉള്‍പ്പെടുത്തേണ്ടുന്നതിലെ പ്രസക്തി. ഇവയൊക്കെ പഠനവിഷയം ആക്കേണ്ടതുണ്ട്.

 നമ്മുടെ നാട്ടിലെ ഭൂരിപക്ഷം ആള്‍ക്കാരും ഒരിക്കല്‍ അല്ലങ്കില്‍ മറ്റൊരിക്കല്‍ ഉപജീവനത്തിനായി നാട് വിട്ടു പുറത്തു പോയിട്ടുള്ളവരാണ്, കാരണം വ്യവസായ മുരടിപ്പ് ബാധിച്ച നമ്മുടെ സംസ്ഥാനത്ത് എല്ലാ ആള്‍ക്കാരെയും ഉള്‍ക്കൊള്ളാന്‍ പറ്റും വിധം തൊഴിലോ, തൊഴില്‍ ദാതാക്കളോ ഇല്ല. തിരുവന്തപുരത്തിന്‍റെയും കാസര്‍ഗോഡിന്‍റെയും അതില്‍ വരമ്പ് കഴിഞ്ഞാല്‍ പിന്നെ മലയാളം എന്ന ഭാഷ ഇല്ല എന്ന പരമാര്‍ത്ഥം ഉള്‍ക്കൊള്ളാന്‍ ഇനിയെങ്കിലും നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കും  ബുദ്ധിജീവികള്‍ക്കും കഴിയണം. ഈ വസ്തുതയെ ഉള്‍കൊണ്ടുകൊണ്ട് പുതിയ തലമുറ ഹിന്ദി എന്ന ദേശിയ ഭാഷയിലും ഇംഗ്ലീഷ് എന്ന ലോകഭാഷയിലും പ്രവീണ്യം നേടേണ്ടതുണ്ട്. ബുദ്ധിയിലും സാങ്കേതിക പരിജ്ഞാനത്തിലും മലയാളികള്‍ എന്നും മുന്‍പന്തിയില്‍ തന്നെ ആണ്, പക്ഷെ ഭാഷയുടെ കാര്യത്തില്‍ ഏറ്റവും പിന്‍പന്തിയിലും. ഏതു മേഖലയിലും ശോഭിക്കണം എങ്കില്‍ തന്‍റെ ആശയങ്ങള്‍ മറ്റുള്ളവരെ മനസിലാക്കാന്‍ ഒരാള്‍ക്ക്‌ കഴിയണം. ഭാഷയുടെ അതിര്‍വരമ്പുകള്‍ മാറിയെങ്കില്‍ മാത്രമേ അതിനു സാധ്യമാകൂ. ഇഗ്ലീഷ്മീഡിയം സ്കൂളുകളെ പരിഹസിക്കുകയും, മലയാളം പ്രധാന ഭാഷ ആക്കണം എന്ന് അട്ടഹസിക്കുകയും ചെയ്യുന്നവരെ നാട് കടത്താന്‍ സമയം ആയി; മറ്റൊന്നിനും അല്ല, ഉപജീവനത്തിനായി കേരളം വിടുന്ന മലയാളി അനുഭവിക്കുന്ന പ്രശ്നങ്ങള്‍ കുറെയെങ്കിലും ഒന്ന് മനസിലാക്കിക്കാന്‍ വേണ്ടി! മാതൃഭാഷയെ
എതിര്‍ക്കുന്ന ഞാന്‍ പിന്നെ എന്തുകൊണ്ട് മലയാളത്തില്‍ തന്നെ എഴുതുന്നു എന്നൊരു ചോദ്യം ഇല്ലേ?  ഉണ്ടെങ്കില്‍ രണ്ടു മറുപടി ഉണ്ട്.  ഒന്ന്- മാതൃഭാഷയെ ഞാന്‍ എതിര്‍ക്കുന്നില്ലയെന്നു മാത്രമല്ല, മറിച്ചു അങ്ങേയറ്റം സ്നേഹിക്കുകയും ചെയ്യുന്നു,  പക്ഷെ കേരളം വിട്ടു ചിന്തിക്കുമ്പോള്‍ ഉള്ള എതിര്‍പ്പാണ് ഞാന്‍ ഇവിടെ പ്രകടമാക്കുന്നത്.  രണ്ടു- അത്യാവശ്യം ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാന്‍ അറിയാമെന്നല്ലാതെ വ്യക്തമായി എന്‍റെ അഭിപ്രായം പ്രകടിപ്പിക്കാന്‍ മലയാളം അല്ലാതെ എനിക്ക് മറ്റൊരു ഓപ്ഷന്‍ ഇല്ല.  ഇതു എന്‍റെ വിദ്യാഭ്യാസത്തിന്‍റെ പ്രശ്നമാണ് എന്ന് മനസിലാക്കി തന്നെയാണ് ഞാന്‍ ഈ വിഷയം എഴുതുന്നത്‌. എങ്കില്‍ പിന്നെ മലയാളത്തില്‍ തന്നെ എഴുതിയാല്‍ പോരെ? പോരാ, കാരണം കേരളം വിട്ടു മറ്റു സംസ്ഥാനങ്ങളിലും, മറ്റു രാജ്യങ്ങളിലും സ്ഥിര താമസം ആക്കിയിട്ടുള്ള പുതിയ മലയാളി തലമുറക്കാര്‍ക്ക് ഇതു മനസിലാകണമെങ്കില്‍ വായിച്ചു കൊടുക്കേണ്ടി വരും.  അടുത്ത തലമുറ മുതല്‍ അതുപോലും നടന്നേക്കണമെന്നില്ല.  

നമ്മുടെ അടുത്ത ഒരു വിഷയം ആണ് ചരിത്രപഠനം. അക്ബര്‍ പണ്ട് എന്തു ചെയ്തു? അലക്സാണ്ടര്‍ ചക്രവര്‍ത്തി എങ്ങനെ രാജ്യങ്ങള്‍ വെട്ടി പിടിച്ചു? ബാബരുടെയും, മുസോളിനിയുടെയും അശോക ചക്രവര്‍ത്തിയുടെയും ഭരണ പരിഷ്കാരങ്ങള്‍ 5 പേജില്‍ കുറയാതെ വിവരിക്കുക.....ഇവയൊക്കെ
കാണാതെ പഠിച്ചു, എഴുതി, ജയിച്ചു ബിരുദങ്ങളും സമ്പാദിച്ചു നമ്മുടെ ആള്‍ക്കാരില്‍ ഭൂരിപക്ഷവും ഒറീസയിലും, ബോംബയിലും, ദുബായിലും, സൗദിയിലും എന്ത് ജോലിയാണ് ചെയ്യുന്നത് ?   പൊരിവെയിലില്‍  അവര്‍, തങ്ങള്‍ക്കു പരിജ്ഞാനമില്ലാത്ത  ഇലക്ട്രികല്‍, വെല്‍ഡിഗ്, മറ്റു മെക്കാനിക്കല്‍ എന്നീ മേഖലകളില്‍ ജീവിക്കുവാന്‍ വേണ്ടി അഭ്യാസം നടത്തുന്നു എന്ന് പറഞ്ഞാല്‍ യാതൊരു അത്ഭു‍തവും ഇല്ല .  സ്കൂളും പുസ്തകവും അധികം കാണാതെ ടെക്നിക്കല്‍ സ്കൂളുകളില്‍ പഠിച്ചു, പ്രവര്‍ത്തി പരിചയം മാത്രം കൈമുതലായുള്ള മറ്റു സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും ആള്‍ക്കാരുടെ കീഴില്‍,  ഇതു നിലനില്പിനായുള്ള അഭ്യാസം.  തന്‍റെ തൊഴിലിലോ, ലോക ഭാഷയിലോ, പ്രാവീണ്യം നേടിയിരുന്നെങ്കില്‍, ഇതര നാട്ടുകാരെ അടക്കി ഭരിക്കാന്‍ കെല്‍പുള്ള മലയാളിയാണ് നിലനില്പിനായുള്ള ഈ സര്‍ക്കസ്‌ കളിക്കുന്നത് !

 ചരിത്രം അറിഞ്ഞിരിക്കണം പക്ഷെ അതിനാകരുത് പ്രാധാന്യം. ചെറിയ ക്ലാസുകള്‍ തൊട്ടു തന്നെ ശാസ്ത്ര വിഷയങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കി, സാങ്കേതിക പരിജ്ഞാനം, പ്രവര്‍ത്തി പരിചയം ഇവ ഉള്‍പ്പെടുത്തിയാകണം നമ്മുടെ സ്കൂള്‍ സിലബസ്. എന്തിനേറെ പറയുന്നു, നമ്മുടെ നിത്യജീവിതത്തില്‍ ആവശ്യമായി വരുന്ന ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്‌, ഓട്ടോമെക്കാനിക്, തയ്യല്‍, കുക്കിംഗ്‌, അത്യാവശ്യം മെഡിക്കല്‍ - ഇവയൊക്കെ സ്കൂളുകള്‍ തൊട്ടു തന്നെ പഠനവിഷയം ആക്കണം. ചെറുപ്പം മുതല്‍ തന്നെ കുഞ്ഞുങ്ങളെ പുസ്തകപ്പുഴുക്കള്‍ മാത്രം ആക്കാതെ, അതിജീവനത്തിന്‍റെ പാത കൂടി അഭ്യസിപ്പിക്കേണ്ടിയിരിക്കുന്നു.

2014, ഫെബ്രുവരി 1, ശനിയാഴ്‌ച

പുതിയ തീരങ്ങള്‍ തേടി

അദ്ധ്യായം-1

വീട്ടില്‍ നിന്നും വളരെ നേരത്തെ ഇറങ്ങിയതായിരുന്നു സന്ദീപും കുടുംബവും, പക്ഷെ ആലുവയില്‍ ഉള്ള ബന്ധുവിന്‍റെ വീട്ടില്‍ കൂടി കയറി, യാത്ര പറഞ്ഞു ഇറങ്ങിയപ്പോള്‍ നേരം പോയി. ഇനിയും പത്ത് മിനിറ്റേ എയര്‍പോര്‍ട്ടിലേക്ക് ഉള്ളു എന്ന് ചിറ്റപ്പന്‍ പറഞ്ഞത് അനുസരിച്ചാണ് താമസിച്ചു ഇറങ്ങിയത്. എന്നാല്‍ ഡ്രൈവര്‍ക്ക് വഴി തെറ്റിയത് കാരണം 45 മിനിറ്റ് മുന്‍പ് മാത്രമാണ് എയര്‍പോര്‍ട്ടില്‍ എത്താന്‍ സന്ദീപിന് കഴിഞ്ഞത്. ഭാര്യയോടും ഏഴു വയസുള്ള കുഞ്ഞിനോടും ഇതുകാരണം ശരിക്ക് ഒന്ന് യാത്ര പറയാന്‍ പോലും പറ്റിയില്ല. തിടുക്കത്തില്‍ ഉള്ളിലേക്ക് കടന്നപ്പോള്‍ “അപ്പ” എന്ന് മോന്‍റെ വിളി പുറകില്‍. തിരിഞ്ഞു നോക്കിയപ്പോള്‍ കുഞ്ഞിനേയും എടുത്തുകൊണ്ട് നിന്ന സുധിയുടെ കണ്ണില്‍ നിന്ന് ഒഴുകുന്ന കണ്ണ്നീരാണ് ആദ്യം ശ്രദ്ധയില്‍ പെട്ടത്. മോന്‍ മുന്‍പിലേക്ക് ആഞ്ഞു അപ്പ എന്ന് വീണ്ടും വിളിച്ചു ബഹളം വയ്ക്കുന്നു. അയ്യാള്‍ക്ക് പെട്ടന്ന് ഒരു തളര്‍ച്ച ബാധിച്ചു, എങ്കിലും മൈക്കിലൂടെ കേട്ട ഫ്ലൈറ്റ് അനൌണ്‍സ്മെന്റ് അയ്യാളെ മുന്‍പിലേക്ക് തന്നെ നയിച്ചു.  ഈ സമയമായപ്പോഴെക്കും ചെക്ക്‌ ഇന്‍സ്റ്റാഫ്‌ പോകാന്‍ ഉള്ള തയ്യാറെടുപ്പിലായിരുന്നു. പെട്ടന്ന് തന്നെ എമ്മിഗ്രേഷന്‍ കഴിഞ്ഞു അകത്തു കയറിയപ്പോള്‍ ജെറ്റ്‌എയര് വേയ്സ്‌ വിമാനം പോകാന്‍ തയ്യാറായി കഴിഞ്ഞിരുന്നു.  ഹാന്‍ഡ്‌ബാഗേജ്‌ കാബിനെറ്റില്‍ വച്ചിട്ട് തനിക്ക് ലഭിച്ച വിന്‍ഡോ സീറ്റില്‍ ഇരുന്നു. കണ്ണില്‍ നിന്നും പൊടിഞ്ഞ അസ്രുകണങ്ങള്‍ ടവ്വല്‍ കൊണ്ട് തുടച്ചു.അധികം വയ്കും മുമ്പ് തന്നെ
വിമാനം ടേക്ക് ഓഫ്‌ ചെയ്തു ആകാശത്തെക്കുയര്‍ന്നു.  അവന്‍റെ മനസോന്നു വിങ്ങി, മൂന്ന് മാസങ്ങള്‍ എത്ര വേഗം ആണ് കടന്നു പോയത്?  ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശരിക്കും ഒരു സ്വാതന്ത്ര്യവും ശുദ്ധവായുവും ലഭിച്ചത്. ഇനിയെത്രനാള്‍ കഴിയണം ഒരു തിരിച്ചു വരവിനു... വിമാനം മുന്‍പോട്ടേയ്‌ക്ക് കുതിച്ചപ്പോള്‍ അയ്യാളുടെമനസ് വിമാനത്തേക്കാള്‍ വേഗതയില്‍ പുറകിലേക്ക് സഞ്ചരിച്ചു. 

ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് എടുക്കാന്‍ പറ്റുന്നതിലും അധികം പ്രാരാബ്ധ ഭാണ്ഡവും പേറി സന്ദീപ്‌ സൌദിയിലേക്ക് വിമാനം കയറുന്നത്. സുധിയുടെ അകന്ന ബന്ധത്തില്‍ പെട്ട ഒരാളാണ് വിസ റെഡിയാക്കി കൊടുത്തത്. ഇതിനു മുന്‍കൈ എടുത്തത് സുധിയും. പക്ഷെ അയ്യാള്‍ക്ക് അത്ര വലിയ താല്പര്യം തോന്നിയില്ല.
“വേണ്ട സുധി, നമുക്ക് ഇവിടെ വല്ല ജോലിയും ചെയ്തു ജീവിക്കാം” സന്ദീപിന്‍റെ അഭിപ്രായം അതായിരുന്നു.
“ചേട്ടന്റെ ഇഷ്ടം, പിന്നെ ഇവിടുത്തെ കാര്യം കൂടി ചേട്ടന്‍ ഒന്ന് ആലോചിക്കണം, അച്ഛ്ന്‍ സുഖമില്ലാതെ ഇരിക്കുന്നു.  ശാരിക്ക് വിവാഹ പ്രായം എത്തി.  സൌമ്യ കോളേജില്‍ ആയി, അവളും ഇപ്പൊ പെട്ടന്ന് തന്നെ അങ്ങ് വളരും എന്ന് ഓര്‍ക്കണം”
“എന്നാലും സുധി, നിന്നെയും നിന്‍റെ വയറ്റില്‍ വളരുന്ന നമ്മുടെ കുഞ്ഞിനേയും വിട്ടു ഞാന്‍...... ”
“ചേട്ടാ, നമ്മള്‍ ഒറ്റക്കായിരുന്നെങ്കില്‍ ഞാന്‍ നിര്‍ബന്ധിക്കില്ലായിരുന്നു, ഇതു ചേട്ടന്‍റെ പെങ്ങന്‍മാരുടെ കാര്യം കൂടി നമ്മള്‍ നോക്കണ്ടേ? ഏത് നിമിഷവും നിലം പോത്താമെന്ന സ്ഥിതിയിലാണ് വീട്”

ട്യൂട്ടോറിയല്‍ കോളേജില്‍ പഠിപ്പിക്കുന്നത്തില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ തട്ടിയും മുട്ടിയും ആണ് വീട്ടിലെ കാര്യങ്ങള്‍ നടക്കുന്നത്. അതോടൊപ്പം വയറിങ്ങിനും മറ്റും കൂട്ടുകാരന്‍ ശശിയോടൊപ്പം പോകുന്നുണ്ട്. മാസത്തിന്റെ രണ്ടറ്റവും തമ്മില്‍ കൂട്ടി മുട്ടിക്കാന്‍ പെടുന്ന പാട് വീട്ടുകാരോട് പോലും പറഞ്ഞാല്‍ മനസിലാവുകയില്ല. സൌമ്യയുടെ കോളേജിലെ ഫീസ്‌ പലപ്പോഴും താമസിച്ചാണ് അടയ്ക്കാര്. സുധിയുടെ വീതം കിട്ടിയത് പലപ്പോഴായി പറക്കി പറക്കി മിക്കവാറും തീരാറായി.  അങ്ങനെ സുധിയുടെ കൂടി നിര്‍ബന്ധം കാരണമാണ് ആ യാത്രയ്ക്ക് അയ്യാള്‍ സമ്മതം മൂളിയത്. ഇത്രയും ആയപ്പോഴാണ് ഏജന്റിനു കൊടുക്കാനുള്ള രൂപ ഒരു വിഷയം ആയത്. ഒന്നും രണ്ടുമല്ല, രൂപ അന്‍പതിനായിരം വേണം.

ഒരു ഞായാഴ്ച ചായയും കുടിച്ചു വീടിന്‍റെ ഉമ്മറത്ത്‌ ഇരിക്കുമ്പോള്‍ ആണ് സുധി ഒരു തുണിപ്പൊതി സന്ദീപിന്‍റെ കയ്യില്‍ കൊണ്ടുവന്നു കൊടുത്തത്.
“എന്താടീ ഇത്?”
“ചേട്ടാ, നിങ്ങള്‍ ഗള്‍ഫില്‍ പോകണ്ടത് ചേട്ടന്‍റെ മാത്രം ആവശ്യമല്ല. നമ്മുടെ കുടുബത്തിന് കൂടി വേണ്ടിയാണ് ഞാന്‍ ഇതിനു സമ്മതം മൂളിയത്. ഇതു എന്‍റെ മാലയും, രണ്ടു വളയും പിന്നെ മോള്‍ക്ക്‌ വീട്ടില്‍ നിന്നും കൊടുത്ത അരിഞ്ഞാണവും ആണ്. ഇതു കൊണ്ട് നടക്കില്ല എന്നറിയാം എന്നാലും ചേട്ടന് കുറച്ചെങ്കിലും ഒരു ആശ്വാസം ആവുമല്ലോ” പെട്ടന്ന് അയ്യാളുടെ കണ്ണ് അവളുടെ കഴുത്തിലേക്ക് ആണ് പോയത്. മിന്ന് ഒരു കറുത്ത ചരടില്‍ കോര്‍ത്ത്‌ ഇട്ടിരിക്കുന്നു. സന്ദീപിന്‍റെ കണ്ണുകള്‍ നിറഞ്ഞു പോയി. സുധി കാണാതെ പറഞ്ഞു “നീ അത് അലമാരയില്‍ വയ്ക്ക്, ഞാന്‍ ജങ്ക്ഷന്‍ വരെ ഒന്ന് പോയിട്ട് വരട്ടെ, ഒന്ന് രണ്ടു പേരെ കാണണം".

പിന്നെ കാര്യങ്ങള്‍ ഒക്കെ വളരെ പെട്ടന്നായിരുന്നു. സ്വര്‍ണം പണയം വച്ചും പിന്നെ കൂട്ടുകാരില്‍ നിന്നും ഒക്കെയായി അന്‍പതിനായിരം രൂപയോളം സംഘടിപ്പിച്ചു.  പിന്നെയും വേണമായിരുന്നു ടിക്കറ്റിനും മറ്റുമായി മുപ്പതിനായിരം രൂപയോളം കൂടി. വീടിന്റെ ആധാരം കൂടി പണയം വയ്ക്കേണ്ടി വന്നു ആ തുകയ്ക്ക്.


അദ്ധ്യായം-2

ദമ്മാമില്‍ വിമാനം ഇറങ്ങിയ സന്ദീപിനെ അവിടെ നിന്നും നൂറു കിലോമീറ്ററില്‍ പരം അകലമുള്ള ഒരു അറബിയുടെ വീട്ടില്‍ ആണ് എത്തിച്ചത്. വിളിക്കാന്‍ എത്തിയത് അറബിയുടെ ഡ്രൈവര്‍ രാജന്‍ ആയിരുന്നു.
“എവിടയാ സ്ഥലം” പൊതുവേ സംസാരിക്കാതിരുന്ന അയ്യാള്‍ ഒരു മണിക്കൂറിനു ശേഷമാണ് ഒന്ന് മിണ്ടിയത്.
തൃശ്ശൂരിന് അടുത്താണ്, ചെട്ടന്‍റെയോ”
“ഞാന്‍ കൊട്ടരക്കര, എന്ത് പണിക്കാണ് നിങ്ങള്‍ വന്നത്”
“ഞാനോ, ഇലക്ട്രീഷന്‍ ആയിട്ട്”
സന്ദീപ്ന്‍റെ മറുപടി കേട്ടപ്പോള്‍ അയ്യാളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി  “കഫിലിനു പണ്ട് ഒരു ഇലക്ട്രിക്കല്‍ സാധനങ്ങള്‍ വില്‍ക്കുന്ന ഒരു വക്കാല ഉണ്ടായിരുന്നു. എന്നാല്‍ സ്വദേശികളെ ജോലിക്ക് വയ്ക്കണമെന്ന നിയമം കര്‍ശനമായപ്പോള്‍ അയ്യാള്‍ അത് നിര്‍ത്തി. അറബികളെ ജോലിക്ക് നിര്‍ത്തിയാല്‍ പിന്നെ കഫിലിനു ഒന്നും കിട്ടില്ലന്നെ..കാരണം അവര്‍ പണിയും ചെയ്യില്ല, പിന്നെ വലിയ ശമ്പളവും കൊടുക്കണം”. സ്വദേശികള്‍ ജോലി ചെയ്തിരുന്നെങ്കില്‍ പിന്നെ നമ്മളുടെ ആവശ്യം ഈ രാജ്യത്തു ഉണ്ടാവുമായിരുന്നോ എന്ന് ചോദിക്കണമെന്ന് തോന്നിയെങ്കിലും അയ്യാളുടെ അടുത്ത വാക്കുകള്‍ ശ്രദ്ധിച്ചപ്പോള്‍ സന്ദീപ്‌ പിന്നെ മറുപടി പറഞ്ഞില്ല.
“അയ്യാളുടെ കടയുടെ പേരില്‍ മുന്‍പ് കിട്ടിയിരുന്ന വിസയില്‍ ആവാം നിങ്ങള്‍ വന്നത്. നിങ്ങള്ക്ക് അയ്യാള്‍ എന്ത് ജോലിയാ തരികയെന്നാണ് ഞാന്‍ ഇപ്പൊള്‍ ആലോചിക്കുന്നത്”.
വണ്ടി ഒരു വലിയ വീടിന്‍റെ മതില്‍ കടന്നു അകത്തു വിശാലമായ മുറ്റത്തിന്റെ ഒരു കോണില്‍ നിര്‍ത്തി.
“നിങ്ങള്‍ ഇറങ്ങി അങ്ങോട്ട്‌ മാറി നിന്നോ, ഞാന്‍ വണ്ടി പാര്‍ക്ക്‌ ചെയ്തിട്ട് ഇപ്പൊ വരാം.” പിന്നെ രാജനോടൊപ്പം അയ്യാള്‍ ആ വിശാലമായ വീടിന്‍റെ സൈഡിലെ ഒരു ചെറിയ റൂമില്‍ എത്തി.
“ഞാന്‍ ഇവിടുത്തെ ഹൌസ് ഡ്രൈവറാ .. നിങ്ങള്‍ എന്തായാലും ഇവിടെ വിശ്രമിക്ക്. കഫിലിനെ കണ്ടതിനു ശേഷം നിങ്ങളുടെ ജോലിയുടെ കാര്യത്തില്‍ ഒരു തീരുമാനം ആവും”

ചുട്ടു പഴുത്ത വെയിലില്‍ നിന്നും ഏസിയുടെ കുളിര്‍മയിലേക്ക് കയറിയപ്പോള്‍ എന്തൊരാശ്വാസം. ഇതു ഒരു താല്‍ക്കാല ആശ്വാസം മാത്രം ആയിരിക്കും എന്ന് അയ്യാള്‍ അപ്പോള്‍ അറിഞ്ഞില്ല.

വയ്കിട്ടു അറബി വന്നപ്പോള്‍ രാജനോടൊപ്പം അയ്യാളെ പോയി കണ്ടു. അറബി എന്തൊക്കെയോ അയ്യാളുടെ ഭാഷയില്‍ പറഞ്ഞു. രാജന്‍ ആണ് പരിഭാഷപ്പെടുത്തിയത്.  അയ്യാള്‍ക്ക് ഇപ്പോള്‍ ഒരു ഇലക്ട്രീഷനെ വേണ്ടയെന്നും അറബിയുടെ ഒട്ടകങ്ങളെ നോക്കാന്‍ ആണ് അയ്യാളെ കൊണ്ടുവന്നത് എന്ന് പോലും. ഇതു കേട്ടതും സന്ദീപിന് തന്‍റെ പകുതി ജീവന്‍ പോകുന്നത് പോലെ തോന്നി.
“ഇല്ല, ഇതു ശരിയാവുകയില്ല എന്നെ തിരിച്ചു വിട്ടേയ്ക്ക്” അയ്യാള്‍ പെട്ടന്ന് തന്നെ രാജനോട് പറഞ്ഞു. രാജന്‍ ഇതു അറബിയെ അറിയിച്ചപ്പോള്‍ അയ്യാള്‍ തന്‍റെ ഭാഷയില്‍ കുറെ ഒച്ചയും ബഹളവും ഉണ്ടാക്കി വീട്ടിനുള്ളിലേക്ക് കയറിപ്പോയി.
അറബി സമ്മതിക്കുന്നില്ല, കാരണം അയ്യാള്‍ക്ക് ഈ വിസക്ക് ഒരുപാട് ചെലവ് ഉണ്ടു പോലും. പിന്നെ ഒരു പതിനായിരം റിയാല്‍ കൊടുത്താല്‍ മടങ്ങി പോകാന്‍ സമ്മതിക്കാമെന്നു പറയുന്നു. 
പതിനായിരം റിയാല്‍ എന്ന് പറഞ്ഞാല്‍ ഏകദേശം ഒന്നേകാല്‍ ലക്ഷത്തോളം രൂപ. നാട്ടിലേക്കു പോകണം എന്ന് വച്ചാല്‍ ഏജന്റിനു കൊടുത്തതും കൂടി മൊത്തം രണ്ടുലക്ഷം രൂപയോളം കടക്കാരനാകും. പിന്നെ വിമാന ടിക്കറ്റും കൂടി കയ്യില്‍ നിന്ന് മുടക്കണം. ഉള്ള സ്വത്ത് എല്ലാം കൂടി വിറ്റുതുലച്ചാലും തന്‍റെ ഈ അവസ്ഥയില്‍ അത്രയും തുക ഉണ്ടാക്കാന്‍ കഴിയില്ല. എന്ത് ചെയ്യണമെന്നു സന്ദീപിന് ഒരു ഊഹവും കിട്ടിയില്ല.

രാജന്‍റെ ഉപദേശ പ്രകാരം കുറെ നാള്‍ പിടിച്ചു നില്‍ക്കുവാന്‍ സന്ദീപ്‌ തീരുമാനം എടുത്തു. രാത്രി കുറെ നെയ്‌ചോറും പുഴുങ്ങിയ കോഴിയും രാജന്‍ ഒരു വലിയ പാത്രത്തില്‍ കൊണ്ട് വന്നു. അതില്‍ നിന്നും സ്വല്പം ചോറ് പേരിനു മാത്രം എടുത്തു കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നെങ്ങിലും തന്‍റെ അവസ്ഥ ഓര്‍ത്തു അയ്യാള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. നെഞ്ചില്‍ എവിടെയോ ഒരു നെരിപ്പോട് കത്തുന്ന പോലെ വേദന; ഒരു ഗദ്ഗദം; അത് വിതുമ്പലായി പുറത്തേക്ക് വരും മുമ്പ് രാജന്‍ കേള്‍ക്കാതെ കടിച്ചമര്‍ത്തി. തന്‍റെ ഈ വേദന ആരോട് പറയാന്‍. വീട്ടിലായിരുന്നെങ്ങില്‍ അച്ഛനോടൊ സുധിയോടോ പറയാമായിരുന്നു.  ഈ മരുക്കാട്ടില്‍ തന്‍റെ വിതുമ്പല്‍ ആര് കേള്‍ക്കാന്‍.... രാവിലെ എപ്പോഴോ ആണ് പിന്നെ ഒന്ന് കണ്ണടച്ചത്.


രാവിലെ രാജനോടൊപ്പം യാത്ര പുറപ്പെട്ടു. വന്ന തിരക്കിലും തുടര്‍ന്നുണ്ടായ വിഷമതകള്‍ മൂലവും വീട്ടിലേക്കു ഇതു വരെ വിളിക്കാന്‍ കഴിഞ്ഞിട്ടില്ല.
“രാജാ ഏതെങ്കിലും ഫോണ്‍ ബൂത്തില്‍ ഒന്ന് വണ്ടി നിര്‍ത്തുമോ? വീട്ടില്‍ വിവരങ്ങള്‍ അറിയാതെ വിഷമിച്ചിരിക്കുകയാവും”
“അതിനെന്താ ഒരു പത്ത് പതിനച്ചു കിലോമീറ്റ്ര്‍ കൂടി കഴിയുമ്പോള്‍ ഒരു ചെറിയ ജങ്ങ്ഷന്‍ ഉണ്ട് അവിടുള്ള ഫോണ്‍ ബൂത്തില്‍ നിന്നും വിളിക്കാം” ഡ്രൈവിംഗില്‍ മാത്രം ശ്രദ്ധിച്ചിരുന്ന രാജന്‍ ഉത്തരം നല്‍കി.  കുറെ ദൂരം കൂടി ഓടികഴിഞ്ഞു ഒരു ചെറിയ മുക്കില്‍ വണ്ടി നിര്‍ത്തി. 
“ആ കാണുന്നതാ ഫോണ്‍ ബൂത്ത്‌ പോയി വിളിച്ചോളൂ”  രാജന്‍ പോക്കറ്റില്‍ നിന്നും രണ്ടു നൂറിന്റെ നോട്ടുകള്‍ എടുത്തു കൊടുത്തിട്ട് പറഞ്ഞു “ഇത് കഫില്‍ തന്നതാണ്. ആദ്യ ചിലവുകള്‍ക്ക് ഒക്കെ ഉപകാരപ്പെടും. വേറെ എന്ത് മറന്നാലും ഇതു മാത്രം അയ്യാള്‍ക്ക് നല്ല ഓര്മ ആയിരിക്കും, അതുകൊണ്ട് ശമ്പളത്തില്‍ നിന്നും കൃത്യമായി പിടിച്ചോളും”
രാജന്‍റെ കയ്യില്‍ നിന്നും വാങ്ങിയ റിയാലുമായി സന്ദീപ്‌ ബൂത്തിലേക്ക് നടന്നു. അടുത്ത വീട്ടില്‍ ഫോണ്‍ ഉള്ളത് കാര്യം ആയി. അവിടെ ആദ്യം വിളിച്ചു പറഞ്ഞു സുധിയെ വിളിപ്പിച്ചു.
അടുത്ത ആദ്യ ബെല്ലില്‍ തന്നെ സുധി എടുത്തു “എന്താ ചേട്ടാ, ചെന്ന ഉടനെ തന്നെ വിളിക്കഞ്ഞത്, രണ്ടു ദിവസമായി ഞങ്ങള്‍ തീ തിന്നുകയായിരുന്നു. പോട്ടെ ജോലി ഒക്കെ സുഖമാണോ? താമസം ഒക്കെ എങ്ങനെ ഉണ്ട്?”
തന്‍റെ സങ്കടങ്ങള്‍ ഉള്ളില്‍ അടക്കിക്കൊണ്ട് സന്ദീപ്‌ പറഞ്ഞു “സുധി നിങ്ങള്‍ വിഷമിക്കണ്ട, ഞാന്‍ ഇവിടെ സുഖമായി ഇരിക്കുന്നു. എളുപ്പമുള്ള ജോലിയും ആണ്.”

ഫോണ്‍ കോളിനു ശേഷം ഒഴുകി വന്ന അസ്രുകണങ്ങള്‍ തുടച്ചുകൊണ്ട് അവന്‍ വണ്ടിയുടെ അരികത്തേക്ക് വന്നു. വിദൂരത്തു എവിടെയോ നോക്കി ആകാശത്തേക്ക് പുകയൂതി പറപ്പിച്ചു കൊണ്ട് രാജന്‍ വണ്ടിയില്‍ ചാരി നില്‍ക്കുക ആയിരുന്നു.  സന്ദീപിനെ കണ്ടതും ആ ദുഖം പ്രതീഷിച്ചെന്നപോലെരാജന്‍ അയ്യാളുടെ തോളില്‍ തട്ടി ആശ്വസിപ്പിച്ചു. ഇതു പോലെ എത്രയോ ദുരന്തങ്ങള്‍ അയ്യാള്‍ കണ്ടിരിക്കുന്നു.


ഒന്ന് രണ്ടു മണിക്കൂറുകള്‍ ടാര്‍ റോഡില്‍ കൂടി ഓടിയ ശേഷം വണ്ടി മരുഭുപ്രദേശത്തേക്ക് കടന്നു. പിന്നെയും നാലുമണിക്കൂര്‍ യാത്ര മണല്‍ നിറഞ്ഞ മരുഭൂമിയില്‍ക്കൂടി. മരുഭൂമിയില്‍ പലസ്ഥലത്തും ഒട്ടകകൂട്ടങ്ങളും ചെമ്മരിയാട്ടിന്‍ പറ്റ്ങ്ങളും മേയുന്നു. ഇടക്കിടെ കാണുന്ന പച്ചപ്പുകള്‍ ആര്‍ത്തിയോടെ തിന്നുകയാണ് അവറ്റ്കള്‍. രാജന്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടേ ഇരുന്നു പക്ഷെ സന്ദീപ്‌ ഒന്നും കേട്ടില്ല. മനസ്സില്‍ സുധിയുടെയും വീടിന്‍റെയും രൂപം മാത്രം. വിജനമായ മരുഭൂമിയില്‍ അകലെ ഒരു ചെറിയ ടെന്‍റ് ദൃശ്യമായി. വണ്ടി അതിന്റെ മുമ്പില്‍ നിന്നു. നാലു മൂലയും മണ്ണില്‍ അടിച്ചു താഴ്ത്തിയ കമ്പികളില്‍ പിടിച്ചു കെട്ടിയ ആ കൂടാരം ശക്തമായ കാറ്റില്‍  ഉലഞ്ഞാടിക്കൊണ്ടേ ഇരുന്നു. വണ്ടിയുടെ ശബ്ദം കേട്ട് മനുഷ്യന്‍ എന്ന് തോന്നിക്കുന്ന ഒരു പ്രാകൃത രൂപം ആ ടെന്‍റില്‍ നിന്നും ഇറങ്ങി വന്നു. 
"നാരായണ്‍ കൈസ ഹെ?" രാജന്‍ അയ്യാളുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു.
"ഹംകോ ക്യാ ഹാല്‍ ഹെ സാബ്, ആപ് ബോലിയെ. മേരാ ചുട്ടി കാ ബാത്ത് ക്യാ ഹോഗയ" നേപ്പാളിലേക്ക് അവധിക്കു പോകുന്ന കാര്യങ്ങള്‍ വല്ലതും ശരിയായോ എന്നാണ് അയ്യാള്‍ തിരക്കിയത്. പുതിയ ആളെ കണ്ടപ്പോള്‍ തനിക്ക് അവധി ശരിയായിക്കാണും എന്ന പ്രതീക്ഷയില്‍ ആണ് പാവം.
"മേരകോ കുച്ച് പതാ നഹി" രാജന്‍ തനിക്കറിയില്ല എന്നു അറിയിച്ചു.
പിന്നെയും അയ്യാള്‍ തന്‍റെ സങ്കടങ്ങള്‍ പറഞ്ഞു കൊണ്ടേ ഇരുന്നു.  പുറം ലോകം കണ്ടിട്ട് എട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞത്രെ, അവധി ചോദിയ്ക്കാന്‍ തുടങ്ങിയിട്ട് 2 വര്‍ഷങ്ങളും ..അയാളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.


"താന്‍ വിഷമിക്കണ്ട, ഞാന്‍ ഇടയ്ക്കിടയ്ക്ക് വരാം.  ഞാന്‍ തന്ന ഇവിടുത്തെ അഡ്രസ്‌ വീട്ടില്‍ പറഞ്ഞു കൊടുത്തല്ലോ? എഴുത്തുകള്‍ വല്ലതും ഉണ്ടങ്കില്‍ ഞാന്‍ കൊണ്ടുവരാം"
വെറുതെ അയ്യാള്‍ തല ആട്ടി. 
കുറെ കവറുകളും, പേപ്പറും രാജന്‍ വണ്ടിയില്‍ നിന്ന് എടുത്തു കൊടുത്തു "അടുത്താഴ്ച ഞാന്‍ വരുംമ്പോഴേക്ക് വീട്ടിലേക്കു എഴുത്ത് എഴുതിക്കോ, ഞാന്‍ പോസ്റ്റു ചെയ്യാം" അറുക്കാന്‍ കൊണ്ടുവന്ന ഒരു മൃഗത്തിന്‍റെ നിസംഗതയില്‍ അയ്യാള്‍ നിന്നു.  കാര്യങ്ങള്‍ ഒക്കെ പറഞ്ഞു മനസിലാക്കിയ ശേഷം രാജന്‍ യാത്ര പറഞ്ഞു. രാജന്‍ അങ്ങ് ദൂരത്ത് അകലും വരെ അയ്യാള്‍ നോക്കി നിന്നു. വിജനമായ മരുഭൂമിയുടെ ആ ശാന്തത അയ്യാളെ ഭയപ്പെടുത്തി. പിന്നെ തന്‍റെ പുതിയ കൂടാരത്തിലേക്ക്. നാരായണന്‍ എന്ന നേപ്പാളിക്ക് ഒപ്പം, രണ്ടു ഹിന്ദിക്കാരും അവിടെയുണ്ട്. അന്ന് രാത്രി അവരോടൊപ്പം കുബൂസും ഡാല്‍ കറിയും കഴിച്ചു ഉറങ്ങാന്‍ കിടന്നു.  

അദ്ധ്യായം-3


അറബിക്ക് അവിടെ അറുനൂറു ഒട്ടകങ്ങളും നിരവധി ആട്ടിന്‍ പറ്റ്ങ്ങളും ഉണ്ട്. അവയെ തീറ്റിപോറ്റുന്നതാണ് സന്ദീപിന് ലഭിച്ച ജോലി. പൊരിവെയിലില്‍ നട്ടം തിരിഞ്ഞ പകലുകളും, വിജനമായ രാവുകളും. ആഴ്ചയില്‍ ഒരിക്കല്‍ രാജന്‍ വരുമ്പോള്‍ കൊണ്ടുവരുന്ന കുബൂസും, തുവര പരിപ്പില്‍ ഉണ്ടാക്കുന്ന കറിയും കുറെ ദിവസങ്ങള്‍ കഴിച്ചു.. പിന്നെ അത് മടുത്തു, ജീവന്‍ നില നിര്‍ത്തുവാന്‍ വല്ലപ്പോഴും കഴിച്ചെങ്കില്‍  ആയി. തന്‍റെ ജീവിതം അവസാനിച്ചുവോ എന്ന് അയ്യാള്‍ക്ക് തോന്നി. അങ്ങകലെ, അനേക കാതങ്ങള്‍ ദൂരെ തന്‍റെ ആ ഗ്രാമത്തിലെ വീടും അവിടെ വസിക്കുന്ന തന്‍റെ പ്രിയപ്പെട്ടവരെപ്പറ്റിയുള്ള ഓര്‍മകളും ഓരോ ദിവസവും മുന്‍പോട്ടു പോകുവാന്‍ അയ്യാളെ പ്രേരിപ്പിച്ചു. 
ആഴ്ചയില്‍ ഒരിക്കല്‍ രാജന്‍ വരുമ്പോള്‍ കണ്ണീരില്‍ ചാലിച്ച സുധിയുടെ ഒന്നോ രണ്ടോ എഴുത്തുകള്‍ കാണും. അയ്യാള്‍ അവയ്ക്ക് സ്ഥിരമായി മറുപടി എഴുതി "ഞാന്‍ ഇവിടെ സുഖമായി കഴിയുന്നു, നിങ്ങള്‍ വിഷമിക്കണ്ട ഒരു വര്ഷം കഴിയുമ്പോള്‍ നമ്മുടെ കടം വീട്ടാനും, ശാരിയുടെ വിവാഹത്തിനും, സൌമ്യയുടെ തുടര്‍ പഠനത്തിനുമുള്ള സമ്പാദ്യവുമായി ഞാന്‍ വരും" എഴുതിയ കത്ത് വീണ്ടും വായിച്ചു നോക്കിയപ്പോള്‍ താന്‍ പണ്ടെങ്ങോ വായിച്ച അറബിക്കഥയിലെ രാജകുമാരന്‍ ആണെന്ന് അയ്യാള്‍ക്ക് തോന്നിപ്പോയി.  നാട്ടില്‍ ഉള്ളവരെക്കുടി എന്തിനാണ് വിഷമിപ്പിക്കുന്നത്? താന്‍ ഒരു രാജകുമാരനെ പോലെ ഇവിടെ കഴിയുകയാണെന്ന് അവര്‍ കിനാവ്‌ കണ്ടു കൊള്ളട്ടെ.
ഒച്ചിഴയുന്ന പോലെ ഉദിച്ചു അസ്തമിക്കുന്ന ദിവസങ്ങള്‍. അങ്ങിനെ ആറുമാസങ്ങള്‍ കടന്നു പോയി. ശമ്പളഇനത്തില്‍  കുറെ രൂപ രാജന്‍ കൊണ്ട് വന്നു. അത് രാജന്‍ വശം തന്നെ കൊടുത്തയച്ചു നാട്ടിലേക്ക് അയപ്പിച്ചു. അങ്ങിനെ നാട്ടില്‍ കൂട്ടുകാരില്‍ നിന്നും വാങ്ങിയ കുറെ പണം തിരികെ കൊടുക്കാനും സ്വര്‍ണ പണയത്തിന്‍റെ കുറെ പലിശ ബാങ്കില്‍ അടയ്ക്കാനും സാധിച്ചു.
ദിവസങ്ങളും ആഴ്ചകളും മുന്‍പോട്ടു പോയ്കൊണ്ടേ ഇരുന്നു.  കുറെ നാളുകള്‍ക്കു  ശേഷം വന്ന അമ്മയുടെ ഒരു കത്തില്‍ നിന്നും സന്ദീപ്‌ ആ വിവരം ആറിഞ്ഞു, താന്‍ ഒരു അഛന്‍ ആയിരിക്കുന്നു. സുധി ഒരു ആണ്‍കുഞ്ഞിനു ജന്മം നല്‍കി. അയ്യാള്‍ക്ക് സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല. ഒരു പാടു നാളുകള്‍ക്ക് ശേഷം സന്തോഷവാനായി കണ്ട സന്ദീപിന്‍റെ ഭാവമാറ്റത്തിന്‍റെ കാരണം നേപ്പാളിക്ക് മനസിലായില്ല " ക്യാ ബാത്ത് ഹൈ സര്‍ജി?" അറിയാവുന്ന ഹിന്ദിയിലും, ഇംഗ്ലീഷിലും അയ്യാളെ കാര്യം പറഞ്ഞു മനസിലാക്കി.


വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. അങ്ങനെ ഇരിക്കവേ ആണ് ഒരുദിവസം ഒട്ടകങ്ങളെ നോക്കികൊണ്ട് നില്‍ക്കുമ്പോള്‍ ദൂരെ നിന്നും ഒരു പിക്അപ്പ് വാന്‍ ഒട്ടകകൂട്ടങ്ങളുടെ അടുത്തേക്ക് വരുന്നത്. സന്ദീപിന്റെ അടുത്ത് വാഹനം നിര്‍ത്തിയ ശേഷം അതില്‍ നിന്നും അവശനായി ഒരു മനുഷ്യന്‍ ഇറങ്ങി.
"തോഡാ പാനി .....കുറച്ചു വെള്ളം തരുമോ?" സന്ദീപ്‌ പെട്ടന്ന് ഒട്ടകപുറത്തു തൂക്കിയിട്ട സഞ്ചിയില്‍ നിന്നും വെള്ളം എടുത്തു കൊടുത്തു. അയ്യാള്‍ ആര്‍ത്തിയോടെ വെള്ളം വാങ്ങി കുടിച്ചു.
"മലയാളി ആണല്ലേ" സന്ദീപ്‌ ചോദിച്ചു.
"അതെ ഞാന്‍ ഒരു ഓയില്‍ റിഗ്ഗില്‍ ഇന്‍വോയിസ്‌ ബില്ലിങ്ങും ആയി പോയിട്ട് വരുകയായിരുന്നു, പക്ഷെ വഴി തെറ്റിപ്പോയി..രണ്ടു ദിവസമായി ഈ മരുഭൂമിയില്‍ അലയുകയാണ്. ഭക്ഷണവും വെള്ളവും എല്ലാം തീര്‍ന്നു. നിങ്ങളെ കണ്ടില്ലായിരുന്നെങ്ങില്‍ എന്‍റെ  ജീവന്‍ ബാക്കി ആവുമായിരുന്നില്ല".
"എന്തായാലും നിങ്ങള്‍ എന്നോടൊപ്പം വരൂ,  ഭക്ഷണം കഴിക്കാം" സന്ദീപ്‌ ജേക്കബ്‌ എന്ന പേരുകാരനായ അയ്യാളെ തന്‍റെ ടെന്‍റിലേക്ക്  കൂട്ടി കൊണ്ടുപോയി വേണ്ട ശുശ്രൂഷകള്‍ നല്‍കി.  ഭക്ഷണത്തെ തുടര്‍ന്നു അയ്യാള്‍ക്ക് തിരികെ പോകാനുള്ള വഴി കാട്ടി കൊടുത്തു. പോകുന്നതിനു മുന്‍പ് കുറെ റിയാല്‍ എടുത്തു അയ്യാള്‍ സന്ദീപിന്‍റെ കയ്യിലേക്ക് കൊടുത്തു.
"അത് വേണ്ട, നിങ്ങളുടെ പണത്തിനു വേണ്ടിയല്ല ഞാന്‍ നിങ്ങളെ സഹായിച്ചത്" തിരികെ അത് അയ്യാളുടെ കയ്യിലേക്ക് തന്നെ കൊടുത്തു.
ജേക്കബ്‌ എന്ന ആ മനുഷ്യന് നിരാശയായി "എന്നെ സഹായിച്ച നിങ്ങക്ക് ഞാന്‍ പിന്നെ എന്ത് പ്രത്യുപകാരം ചെയ്യും.  നിങ്ങള്‍ക്ക് കുറെ കൂടി നല്ല ഒരു ജോലിക്ക് ഞാന്‍ ശ്രമിക്കട്ടെ?"
മറുപടിയായി സന്ദീപ്‌ ഒന്ന് ചിരിച്ചു.
"നിങ്ങള്‍ എന്‍റെ കമ്പനിയിലേക്ക് വരൂ, എന്നെക്കൊണ്ട് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് നോക്കാം". അയ്യാള്‍ തന്‍റെ വിസിറ്റിംഗ് കാര്‍ഡ്‌ എടുത്തു കൊടുത്തു.

സന്ദീപിന് വലിയ പ്രതീക്ഷ ഒന്നും തോന്നിയില്ല.  എങ്കിലും ദൈവമായി ഒരുക്കിയ ഒരു അവസരം ആണങ്കിലോ? അടുത്ത ദിവസം തന്‍റെ  ഒട്ടക പറ്റത്തതിന്റെ ചുമതല കൂടി നേപ്പാളിയെ ഏല്‍പിച്ച് അയ്യാള്‍ ജേക്കബിന്‍റെ കമ്പനി തേടി യാത്ര തിരിച്ചു.  വളരെ ബദ്ധപ്പെട്ടു കമ്പനി കണ്ടു പിടിച്ച അയ്യാള്‍ അവിടെ ജേക്കബിനെ കണ്ടു.
"ഇവിടെ ഒരു മണ്ണ് മാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററെ വേണം. തന്‍റെ കഫില്‍ സമ്മതിക്കുമോ ഒരു മാറ്റത്തിന്? ജേക്കബ്‌ ചോദിച്ചു.
"ഞാന്‍ അത് ചോദിച്ചു നോക്കിയിട്ട് അറിയിക്കാം"
അടുത്ത ആഴ്ച രാജന്‍ വന്നപ്പോള്‍ സന്ദീപ്‌ ഈ വിവരം പറയുകയും അറബിയോട് ചോദിപ്പിക്കുകയും ചെയ്തു. ഒരു വിസ മാറ്റത്തിന് അയ്യാള്‍ സമ്മതിച്ചില്ല, എന്നാല്‍ എല്ലാ മാസവും കഫാലത്ത് (ഒരു നിശ്ചിത തുക) കൊടുത്താല്‍ ഈ ജോലിക്ക് സന്ദീപിനെ വിടാം എന്ന് രാജന്‍റെ ശുപാര്‍ശയില്‍ അറബി സമ്മതിച്ചു.

അങ്ങനെ സന്ദീപ്‌, ജേക്കബ്‌ ജോലി ചെയ്യുന്ന കമ്പനിയില്‍ താല്‍ക്കാലിക വാടക ജോലിക്കാരനായി കയറി. ചുട്ടു പഴുത്ത മരുഭൂമിയില്‍ ഒരു കുളിര്‍മഴ പെയ്യുന്ന അനുഭവം ആയിരുന്നു ആയിരുന്നു അയ്യാള്‍ക്ക് ആ ജോലി. മരുഭൂമിയുടെ പല പ്രദേശങ്ങളിലായി ഉള്ള ഓയില്‍ കമ്പനികളുടെ റിഗ്ഗുകള്‍ക്ക് വേണ്ടി പ്ലാട്ഫോം ഉണ്ടാക്കുകയായിരുന്നു ജേക്കബിന്റെ കമ്പനിയുടെ ജോലി.  ആദ്യം കുറെ ദിവസം ലേബര്‍ ജോലി ആയിരുന്നെങ്ങിലും പിന്നീട് കുറേശ്ശെ കുറേശ്ശെ മണ്ണ് മാന്തി യന്ത്രത്തിന്റെ ഓപ്പറേഷന്‍ പഠിക്കുകയും, അതിന്‍റെ ഓപ്പറേറ്റര്‍ ആകുകയും ചെയ്തു. ചുട്ടു പഴുത്ത മരുഭൂമിയിലെ ജോലി, അങ്ങനെ അയ്യാളുടെ ജീവിതചര്യയായി മാറി. 

ഒരു ദിവസം ജോലി കഴിഞ്ഞു വന്നു ആഹാരം പാചകം ചെയ്യാന്‍ ഉള്ള ഒരുക്കങ്ങളില്‍ ഒക്കെ ആയിരുന്നു സന്ദീപ്‌.  യമനികളും, ഫിലിപ്പിനികളും, പാകിസ്ഥാനികളും തിങ്ങി നിറഞ്ഞ കമ്പനിയുടെ അടുക്കളയില്‍ ഒരു അടുപ്പ് പിടിക്കുക എന്നതു, സച്ചിന്‍ 99 റണ്ണില്‍ നിന്നും സെഞ്ചുറിയിലേക്ക് കയറുന്നതിനെക്കാളും പ്രയാസപ്പെട്ട പണി ആയിരുന്നു. ജോലി കഴിഞ്ഞു വന്ന ഉടന്‍ തന്നെ ഒരു അടുപ്പ് പാത്രം വച്ച് ബുക്ക്‌ ചെയ്തു. പിന്നെ അരി കഴുകി അടുപ്പില്‍ വച്ചു. പെണ്ണിനെയും പെടക്കൊഴിയെയും കണി കാണാന്‍ ഇല്ലാത്ത മരുഭൂമിയില്‍ ലഭിക്കുന്ന അമേരിക്കന്‍ റൈസിന്റെ പേര് “ടു ഗേള്‍സ്”. എന്തൊരു വിരോധാഭാസം ! പിന്നെ നാല് സൈഡും തുരുമ്പിച്ചു ഏത് നിമിഷവും താഴെ വീഴാറായി നില്‍ക്കുന്ന ഫ്രിഡ്ജില്‍ നിന്നും തണുത്തു വിറച്ചിരുന്ന ഒരു കോഴിയെ എടുത്തു വെള്ളത്തില്‍ ഇട്ടു.  അപ്പോഴാണ് സഹമെസ്സ് പാര്‍ട്നര് ഡ്രൈവര്‍ പുഷ്പന്‍ ഒരു എഴുത്തുമായി അവിടേക്ക് വന്നത്.  “സന്ദീപ്‌,എടാ നിനക്ക് ഒരു എഴുത്തുണ്ട്. പ്രണയിനിയുടെ ആയിരിക്കും" എഴുത്തെന്നു കേട്ടപ്പോഴേക്കും അന്‍പതില്‍ നാല്‍പത്തൊന്‍പതു മാര്‍ക്ക് വാങ്ങിയ കുട്ടിയുടെ മുഖഭാവത്തോടെ അയ്യാള്‍ അടുക്കളയില്‍ നിന്നും ചാടി ഇറങ്ങി എഴുത്തുമായി റൂമിലേക്ക്‌ നടന്നു. പോകുന്ന വഴിയില്‍ വിളിച്ചു പറഞ്ഞു “എടാ പുഷ്പാ അരിയൊന്നു നോക്കിക്കോണേ, നീ കോഴിയെ ശരിയാകുംമ്പോഴേക്കും ഞാന്‍ ഇങ്ങു എത്താം.”
ശാരിക്ക് ഒരു കല്യാണ അലോചന, അതായിരുന്നു പ്രധാന വിശേഷം. എഴുത്ത് അയ്യാള്‍ ഒരാവര്‍ത്തി കൂടി വായിച്ചു. "ചേട്ടാ ശാരിക്ക് ഒരു വിവാഹ അലോചന വന്നിട്ടുണ്ട്, രണ്ടു ലക്ഷം രൂപയും, ഇരുപതു പവനും കൊടുക്കണം. നല്ല ബന്ധമാണു, ചെറുക്കന് താലൂക്ക് ഓഫീസില്‍ ആണ് ജോലി.  ചേട്ടന്‍ എങ്ങിനെ എങ്കിലും കുറെ രൂപ ശരിയാക്കണം.  പിന്നെ ഇങ്ങനെ ഒരു ആലോചന വരണമെന്നില്ല"
ശാരിക്ക് കല്യാണ പ്രായം കഴിഞ്ഞു നില്‍ക്കുക ആണെന്നത് ശരി തന്നെ, പക്ഷെ രൂപ?  സുധിയുടെ ആഭരണങ്ങള്‍ പണയം വച്ചത് ഇതു വരെയും പൂര്‍ണമായും തിരികെ എടുക്കാന്‍ കഴിഞ്ഞിട്ടില്ല.  കൂട്ടുകാരുടെ കടം കുറയൊക്കെ വീട്ടി, പിന്നെ സൌമ്യയുടെ പഠന ചിലവും വീട്ടു ചിലവും കൂടി കഴിഞ്ഞാല്‍ ഒരു പൈസ മിച്ചം എടുക്കാന്‍ കിട്ടുന്നില്ല.


എഴുത്തിനു അന്ന് തന്നെ മറുപടി എഴുതി “സുധി നിങ്ങള്‍ കല്യാണ ഒരുക്കങ്ങളും ആയി മുന്‍പോട്ടു പോക്കോ, പൈസയുടെ കാര്യത്തില്‍ വിഷമിക്കണ്ട അത് ഞാന്‍ ഉടനെ തന്നെ അയക്കാം”  എഴുത്തു പോസ്റ്റ്‌ ചെയ്ത ശേഷം റൂമിലേക്കു നടന്നു. നെഞ്ചില്‍ കത്തുന്ന തീയുമായി ക്യാമ്പില്‍ എത്തിയിട്ടും അയ്യാള്‍ക്ക് ഒരു സ്വസ്ഥതയും കിട്ടിയില്ല. എങ്ങനെ അത്രയും രൂപ ശരിയാക്കും? ഭരണത്തില്‍ കയറാന്‍ വേണ്ടി ഒരുപാട് വാഗ്ദാനങ്ങള്‍ നടത്തുകയും അപ്രതീക്ഷിതമായി ഭരണം ലഭിച്ചപ്പോള്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ ഫണ്ടില്ലാതെ  നട്ടം തിരിയുകയും ചെയ്ത രാഷ്ട്രീയ പാര്‍ടിയുടെ നേതാവിനെ പോലെ അയ്യാള്‍ ഞെളിപിരി കൊണ്ടു. എന്തായാലും ശാരിയുടെ ഭാവി അല്ലെ, കമ്പനിയില്‍ നിന്ന് കുറെ അഡ്വാന്‍സ് കിട്ടുമോ എന്ന് നോക്കാം. തീരെ പ്രതീക്ഷ ഇല്ലാതെയാണ് ജേക്കബിനോട് ചോദിച്ചത്.  കമ്പനിയില്‍ ശമ്പള കുടിശിക ഉണ്ടായിരുന്ന നാല് മാസത്തില്‍ രണ്ടു മാസത്തെ കിട്ടി.  പുഷ്പനും, രവിയും ഇനി വരുന്ന ശമ്പളം കടം തരാമെന്നു ഏറ്റു.  ചിട്ടി പിടിച്ച വകയില്‍ ബാലന്‍റെ കയ്യില്‍ കുറെ രൂപ വന്നു ചേര്‍ന്നത്‌ ആയിടക്കാണ്.  നാട്ടില്‍ സ്ഥലം വാങ്ങാന്‍ സ്വരുക്കൂട്ടിയതാണ്. സന്ദീപിന്‍റെ ബുദ്ധിമുട്ട് അറിഞ്ഞു അവന്‍ ആ രൂപയും കൊടുക്കാമെന്നു ഏറ്റു. 

എല്ലാം കൂടി ഒന്നര  ലക്ഷം രൂപ തരപ്പെടുത്തി നാട്ടിലേക്ക് അയച്ചു.  കൊടുക്കാമെന്നു പറഞ്ഞ തുകയുടെ പകുതി വിവാഹത്തിനു മുന്‍പും ബാക്കി രണ്ടു വര്‍ഷത്തിനകവും കൊടുത്താല്‍ മതിയെന്നുള്ള നിബന്ധന അനുഗ്രഹം ആയി. പിന്നെയും  ആഭരണങ്ങളുടെ ഭാരം ബാക്കി.  ശാരിയുടെ പക്കല്‍ ഉണ്ടായിരുന്നതും, പിന്നെ  അമ്മയുടെ പഴയ ആഭരണങ്ങള്‍  മാറ്റി പുതിയവ വാങ്ങിയതും കൂടി ഉണ്ടായിരുന്നിട്ടും  അയച്ച രൂപയില്‍ നിന്ന്  ബാക്കി വേണ്ട ആഭരണങ്ങള്‍ തികയ്ക്കാന്‍ പറ്റിയില്ല.  ഇനി എന്ത് ചെയ്യും. കല്യാണത്തിന്‍റെ കാര്യങ്ങള്‍ക്ക്  വേണ്ടി ഫോണ്‍ വിളിച്ചപ്പോള്‍ സുധി പറഞ്ഞു "ബാക്കി വേണ്ടി വരുന്ന ആഭരണങ്ങളുടെ കാര്യം ഓര്‍ത്തു ചേട്ടന്‍ വിഷമിക്കണ്ട. പണയം എടുത്തതില്‍ നിന്നും എന്‍റെ ഒന്ന് രണ്ടു വളയും മാലയും ഞാന്‍ ശാരിക്ക് കൊടുക്കാം. എനിക്കിനി ഇതൊക്കെ എന്തിനാ ചേട്ടാ"  എത്ര ശ്രമിച്ചിട്ടും അയ്യാള്‍ക്ക് തേങ്ങല്‍ അടക്കാന്‍ കഴിഞ്ഞില്ല. ഫോണിലൂടെ ആയിരുന്നതിനാല്‍ സുധി അത് അറിഞ്ഞില്ല.  അവളുടെ സ്നേഹം മാത്രമാണ് ഈ മരുഭൂമിയില്‍ ഓരോ ദിവസവും മുന്‍പോട്ടു പോകാന്‍ ഉള്ള ഊര്‍ജം തരുന്നത്.  കണ്ണുകള്‍ തുടച്ചു കൊണ്ട് ഫോണ്‍ ബൂത്തില്‍ നിന്നും അയ്യാള്‍ പുറത്തേക്കിറങ്ങി.


അദ്ധ്യായം-4

അങ്ങനെ ആ സുദിനം വന്നെത്തി ശാരിയുടെ കല്യാണ ദിവസം. എല്ലാത്തിന്‍റെയും മുന്‍പില്‍ നിന്ന് കുഞ്ഞു പെങ്ങളുടെ വിവാഹം ഗംഭീരമായി നടത്തേണ്ടിയ ആളാണ്‌ താന്‍, അയ്യാള്‍ ഓര്‍ത്തു. രാവിലെ തന്നെ ബൂത്തിലേക്ക് ചെന്ന് വീട്ടില്‍ വിളിച്ചു. സുധിയുമായി സംസാരിച്ചു ശാരിക്ക് ഫോണ്‍ കൊടുത്തപ്പോള്‍ അവള്‍  തേങ്ങി "സന്ദീപേട്ടന്‍ ഇല്ലാതെ ഞാന്‍ എങ്ങനെ ...."
"സാരമില്ല മോളെ, ഞാന്‍ പറഞ്ഞിരുന്നതല്ലേ, ചേട്ടന് ഇപ്പോള്‍ ലീവ് കിട്ടില്ല, അല്ലങ്കില്‍ പിന്നെ എന്‍റെ മോളുടെ കല്യാണത്തിനു ചേട്ടന്‍ വരാതിരിക്കുമോ" ലീവ് അല്ല, പണമാണ് വിഷയം എന്ന കാര്യം വീട്ടില്‍ ആരെയും അറിയിച്ചില്ല, എന്നാലും തന്‍റെ മനസ് കാണുന്ന സുധിക്ക് കുറെ ഒക്കെ കാര്യങ്ങള്‍ വ്യക്തമായിരുന്നു.
ദിവസങ്ങളും മാസങ്ങളും കടന്നു പോയി. പലരില്‍ നിന്നായി വാങ്ങിയ മിക്കവാറും കടങ്ങള്‍ അയ്യാള്‍ വീട്ടി.
അങ്ങെനെ ഇരിക്കവേ ഒരു ദിവസം അത്യാവശ്യമായി ഓഫീസിലേക്ക് ചെല്ലണമെന്ന് ജേക്കബ്‌ ഒരു ഡ്രൈവറോട് പറഞ്ഞു വിട്ടു.  എന്താവും കാര്യം, അയ്യാളുടെ മനസ്സില്‍ ഒരു നടുക്കം, ജോലി സംബന്ധമായി എന്തെങ്കിലും പ്രശ്നങ്ങള്‍ ?.. അടുത്ത ദിവസം രാവിലെ തന്നെ ഓഫീസിലേക്ക് ചെന്ന് ജേക്കബിനെ കണ്ടു. "എന്താ സാര്‍ വരണമെന്ന് പറഞ്ഞത്"
"എടോ കുറെ നാളായില്ലേ,  തന്നെ ഇനിയും കോണ്ട്രാക്റ്റ് ലേബര്‍ ആയി വച്ചു കൊണ്ടിരിക്കാന്‍ പറ്റില്ല"
സന്ദീപിന്റെ ഉള്ളൊന്നു കാളി.  കടങ്ങള്‍ ഒരുവിധം ഒന്ന് അടങ്ങി, കുറെ പണം കൂടി സ്വരുക്കൂട്ടി ഒരു ചെറിയ വീട് വയ്ക്കണമെന്ന ആലോചനയില്‍ ആയിരുന്നു കുറെ ദിവസങ്ങള്‍ ആയി. ഈശ്വരാ ഇനിയിപ്പോള്‍ എന്ത് ചെയ്യും?
അന്ധാളിച്ചു നിന്ന സന്ദീപിനെ നോക്കി ജേക്കബ്‌ ഒന്ന് ചിരിച്ചു. "എടോ താന്‍ എന്‍റെ ജീവന്‍ രക്ഷിച്ചവന്‍ അല്ലെ, തന്നെ അങ്ങനെ ഞാന്‍ ഒഴിവാക്കുമെന്ന് കരുതിയോ? മാത്രമല്ല, സൈറ്റ് സൂപ്പര്‍വൈസര്‍മാര്‍ക്കൊക്കെ തന്നെപ്പറ്റി നല്ല മതിപ്പാണ്. അവരൊക്കെ കഫിലിനു തന്നെപ്പറ്റി നല്ല റിപ്പോര്‍ട്ട്‌ ആണ് കൊടുത്തിരിക്കുന്നത്.  കഴിഞ്ഞ ദിവസം കഫില്‍ എന്നെ വിളിച്ചു തന്നെ കമ്പനിയില്‍ നേരിട്ട് എടുക്കുന്നതിപ്പറ്റി പറഞ്ഞു "ഒരു കുളിര്‍ കാറ്റു മനസ്സില്‍ വീശിയ പ്രതീതി. എങ്കിലും....അയ്യാള്‍ തന്‍റെ  മനസ്സില്‍ വന്ന സംശയം ജേക്കബിനോട് ചോദിച്ചു "സര്‍, അത് എന്‍റെ സ്പോണ്‍സര്‍ എന്നെ റിലീസ് ചെയ്യുമോ?"
"താന്‍ വിഷ്മിക്കണ്ടാടോ നമ്മുടെ കഫില്‍ തന്‍റെ സ്പോണ്‍സറുമായി സംസാരിച്ചു കഴിഞ്ഞു, കുറെ രൂപ കൊടുക്കാമെന്നു പറഞ്ഞപ്പോള്‍ അയ്യാള്‍ സമ്മതിച്ചു, പക്ഷെ റിലീസ് ചെയ്യില്ല, തന്നെ അവിടെ നിന്നും നാട്ടില്‍ എക്സിറ്റ്‌ വിടും.  പിന്നെ നമ്മുടെ കമ്പനിയുടെ വിസയില്‍ തിരികെ വരാം. ആ.. പിന്നെ, മാത്രമല്ല തനിക്ക് സൈറ്റ് ഫോര്‍മാന്‍ ആയാണ് പുതിയ ജോലി."
ഒരു സ്വപ്നത്തില്‍ ആണോ താന്‍ എന്ന് അയ്യള്‍ക്ക് തോന്നി പോയി. സംശയം മാറാന്‍ കയ്യില്‍ ഒന്ന് നുള്ളി നോക്കി.  അത് കണ്ട ജേക്കബ്‌ ചിരിച്ചു.
"സംശയിക്കണ്ടാടോ, താന്‍ ഈശ്വരാധീനം ഉള്ളവനാണ്.  ആ.. പിന്നേയ്‌, ചെലവ് ചെയ്യണേ.."
ജേക്കബിനോട് യാത്ര പറഞ്ഞു ക്യാമ്പിലേക്ക്...വൈകിട്ടു പുഷ്പനോടും, സതീഷിനോടും, അബ്ബാസിനോടും  ഒക്കെ വിവരം പറഞ്ഞപ്പോള്‍ തന്നേക്കാള്‍ ആഹ്ലാദം അവര്‍ക്കായിരുന്നു . അന്നൊരു ആഘോഷം ആയിരുന്നു ക്യാമ്പില്‍. എല്ലാവര്ക്കും സുഹൃത്തുക്കളുടെ വകയായി കോഴിബിരിയാണി ആയിരുന്നു അടുത്ത അവധി ദിവസമായ വെള്ളിയാഴ്ച.  എത്ര കഷ്ടപ്പാടിലും ഈ സുഹൃത്ബലം ആണ് ഓരോ പ്രവാസിയുടെയും ഉള്‍കരുത്ത്‌ എന്ന വസ്തുത അയ്യാള്‍ തിരിച്ചറിഞ്ഞു. സുധിയെ വിളിച്ചു വിവരം പറഞ്ഞപ്പോള്‍ സന്തോഷം അടക്കാന്‍ ആവാതെ അവള്‍ തേങ്ങി. തങ്ങളെ കടാക്ഷിച്ച ഈശ്വനു അവള്‍ നന്ദി പറയുന്നത് ഫോണിലൂടെ കേള്‍ക്കാമായിരുന്നു.
യാത്രയ്ക്കൊക്കെ ഉള്ള ഒരുക്കങ്ങള്‍ പിന്നെ വളരെ പെട്ടന്നായിരുന്നു. അബ്ബാസിനോപ്പം പോയി കുറെ സാധനങ്ങള്‍ പര്ച്ചസ് ചെയ്തു. സ്പോണ്‍സറുടെ അടുത്തേക്ക് പോകേണ്ട ആവശ്യം ഇല്ലന്നും, എക്സിറ്റ്‌ അടിച്ച പാസ്പോര്‍ട്ടും, ടിക്കറ്റും ആയി അറബിയുടെ  ഡ്രൈവര്‍ വന്നു എയര്‍പോര്‍ട്ടില്‍ കൊണ്ടുപോയി ആക്കും എന്ന് ജേക്കബ്‌ വിളിച്ചു പറഞ്ഞു. അങ്ങനെ നാട്ടിലേക്ക് പോകുന്ന ദിവസം വന്നെത്തി, ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം താന്‍ സ്വന്തം മണ്ണിലേക്ക്...അയ്യാള്‍ക്ക് ആഹ്ലാദം അടക്കാന്‍ ആയില്ല. താന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത മോന്‍.... ..എത്ര ആയിക്കാണും അവന്‍ ഇപ്പോള്‍?  രാജന്‍ രാവിലെ തന്നെ വഴി തിരക്കി പിടിച്ചു ക്യാമ്പില്‍ എത്തി "സന്ദീപിനെ കൊണ്ടുപോകാന്‍ വന്നതാണ്" ഒരുപാട് നാളുകള്‍ക്കു ശേഷം കണ്ട സ്നേഹിതനെ ആശ്ലേഷിച്ചു സന്ദീപ്‌ സന്തോഷം പ്രകടമാക്കി. അയ്യാള്‍ക്ക് പുതിയ ജോലി ലഭിച്ചു എന്നറിഞ്ഞ രാജനും സന്തോഷം ആയി. അവിടെ നിന്നും എയര്‍പോര്‍ട്ടിലേക്ക്.

നാട്ടില്‍ വിമാനം ഇറങ്ങുമ്പോള്‍ അമ്മയും സഹോദരിമാരും സുധിയും എയര്‍പോര്‍ട്ടില്‍ ഉണ്ടായിരുന്നു കൂടെ ശാരിയുടെ "പുത്യാപ്പിളയും". അസുഖം കാരണം കിടപ്പില്‍ ആയിരുന്ന  അഛന്‍ എത്തിയിരുന്നില്ല.  കണ്ടപ്പോള്‍ തന്നെ അമ്മ കെട്ടിപ്പിടിച്ചു കരഞ്ഞു, ശാരിയും സൗമ്യയും വന്നു കയ്യില്‍ പിടിച്ചു. സ്വല്പം മാറി സുധി, അവളുടെ ഉള്ളിലെ വര്‍ഷങ്ങളുടെ ഗദ്ഗദം അയ്യാള്‍ തിരിച്ചറിഞ്ഞു. "അതാ മോനെ, മോന്‍റെ അഛന്‍" സുധി തന്‍റെ കയ്യില്‍ പിടിച്ചു തൂങ്ങി നിന്ന കൊച്ചു ചെക്കനോട് പറഞ്ഞു. സന്ദീപ്‌ അവളുടെ അടുത്തേക്ക് ചെന്നു.  "മോന്‍ അറിയുമോ?" പതിഞ്ഞ ശബ്ദത്തില്‍ സന്ദീപ്‌ ചോദിച്ചു. ഏതോ ഒരു അപൂര്‍വ വസ്തുവിനെ കാണും പോലെ അവന്‍ അയ്യാളെ  തുറിച്ചു നോക്കി.  അവനെ എടുക്കാനായി അയ്യാള്‍ തുനിഞ്ഞപ്പോള്‍ അമ്മയുടെ പുറകിലേക്ക് അവന്‍ പിന്‍വലിഞ്ഞു.
പിന്നെ മൂന്ന് മാസം വീട്ടില്‍ ഉത്സവത്തിന്‍റെ നാളുകള്‍ ആയിരുന്നു. കൊണ്ടുവന്ന പെട്ടിയില്‍ നിന്നും എന്തെങ്കിലും ഒക്കെ കിട്ടിയവര്‍ക്ക് സന്തോഷം. അല്ലാത്തവര്‍ പറഞ്ഞു "ഇവനൊക്കെ ഗള്‍ഫില്‍ നിന്നും വന്നാല്‍ ഒരു രൂപയുടെ പ്രയോജനവും ഇല്ല".  ആ ദേഷ്യം അവര്‍ ഇങ്ങനെ ചോദിച്ചു തീര്‍ത്തു "എന്നാ വന്നത്' ഉത്തരം പറയാന്‍  ഇട നല്‍കാതെ വീണ്ടും "ഇനി എന്നാ പോകുന്നത്?" തന്‍റെ വരവുമൂലം നാട്ടില്‍ എന്തോ ശല്യം സംഭവിച്ച രീതിയില്‍ ആയിരുന്നു ആ ചോദ്യശരങ്ങള്‍. അങ്ങനെ നാട്ടുകാരെ ഒഴിവാക്കാന്‍ ടാക്സിയില്‍ ആക്കി പിന്നെ അയ്യാളുടെ യാത്ര. എന്തായാലും ഗള്‍ഫ്‌കാരന്‍ എന്ന ലേബല്‍ ആയിക്കഴിഞ്ഞു, എന്നാല്‍ പിന്നെ അതുപോലെ ഒക്കെ തന്നെ ജീവിക്കാം, അയ്യാള്‍ മനസ്സില്‍ കരുതി. 
വളരെ വേഗം ആണ് മൂന്ന് മാസങ്ങള്‍ കടന്നു പോയത്. ഇതിനിടയില്‍ കമ്പനിയില്‍ നിന്നും വിസ വന്നിരുന്നു. അങ്ങെനെ പോകേണ്ട ദിവസം വന്നത്തി. ഒരു സന്തോഷത്തിന് ഒരു ദുഖം
ഉണ്ട് എന്ന് പറയും പോലെ, ഓരോ ഗള്‍ഫ്‌കാരന്‍റെയും ജീവിതത്തിലെ ഒഴിവാക്കാന്‍ ആവാത്ത ദുരന്ത ദിവസം ആയിരുന്നു അത്. സൌമ്യയുടെ വിവാഹം.... പഴകിദ്രവിച്ച വീടിന്‍റെ സ്ഥാനത്ത്‌ ഒരു പുതിയ വീട്...പിന്നെയും സ്വപ്‌നങ്ങള്‍ പലതും ബാക്കി....ഇതൊക്കെ തന്‍റെ യാത്രയിലൂടെ മാത്രമേ സാധിക്കൂ. നിറഞ്ഞ കണ്ണുകള്‍ അയ്യാള്‍ വീണ്ടും അമര്‍ത്തി തുടച്ചു. "പ്ലീസ് ഫാസ്റ്റെന്‍ യൌര്‍ സീറ്റ്‌ബെല്‍റ്റ്സ്, വി ആര്‍ എബൌട്ട്‌ ടു ലാന്‍ഡ്‌ ദമ്മാം എയര്‍പോര്‍ട്ട്" സ്പീക്കറില്‍ നിന്നും കേട്ട അനൌന്‍സ്‌മെന്റ് അയ്യാളെ ഓര്‍മകളില്‍ നിന്നും തിരികെ എത്തിച്ചു. വീണ്ടും മണല്‍ആരണ്യം ചിറകു വിടര്‍ത്തിയ എണ്ണപ്പാടങ്ങളുടെ നാട്ടിലേക്ക്. പുതിയ സ്വപ്ന സാക്ഷാല്‍കാരത്തിനായി.....പുതിയ തീരങ്ങള്‍ തേടി........


(ഇതു ഒരു പ്രവാസിയുടെ മോഹങ്ങളുടെ, മോഹഭംഗങ്ങളുടെ കഥയാണ്. പ്രവാസിക്ക് ജീവിതം പ്രകാശിക്കുന്ന ഒരു വിളക്കാണ്. തീനാളം പ്രവാസിയും അതിലെ തിരി വിധിയെന്ന അവന്‍റെ നൊമ്പരവും. ആ വിധിയുടെ നൊമ്പരം അറിയാന്‍ അവന്‍ ശ്രമിക്കാറില്ല. കാരണം തിരിയുടെ നൊമ്പരം അറിഞ്ഞാല്‍ പിന്നെ തീനാളത്തിനു പ്രകാശിക്കാനാവുമോ?

....... അതിനാല്‍ ഇനിയും നടന്നു തീരാത്ത പ്രവാസത്തിന്‍റെ മരുഭൂമിയും വിരഹത്തിന്‍റെ വേനലും ബാക്കിയാക്കി കൊണ്ട് അവന്‍ പിന്നെയും പുതിയ തീരങ്ങള്‍ തേടുന്നു...  )